ചില മനുഷ്യരങ്ങനെയാണ്.
ഹൃദ്യമായ സംസാരവും പെരുമാറ്റവും കൊണ്ട് നമ്മളറിയാതെ മനസ്സിൽ കയറിക്കൂടും. അങ്ങനൊരാളെ
ഈയടുത്ത് ഭാര്യയുടെ വീട്ടിൽ വച്ച് വർഷങ്ങൾക്ക് ശേഷം കാണാനിടയായി. കണ്ടപാടെ അദ്ദേഹം
ചോദിച്ചത് 'താടിയൊക്കെ നരച്ചല്ലോ ഷിയാസിക്ക' എന്നാണ്. വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു.
10 വർഷം മുൻപ് ജോലി അന്വേഷിച്ചു ദുബായിൽ വിമാനമിറങ്ങുമ്പോൾ Toyota Hilux മായ് അളിയനോടൊപ്പം
സ്വീകരിക്കാനെത്തിയ ചെറുപ്പക്കാരൻ. അളിയനുള്ള അരിപ്പത്തിരി-ചിക്കൻ ഫ്രൈ പൊതിയോടൊപ്പം
ലിജാസിനും പ്രത്യേകം ഒരു പൊതി കരുതിയിരുന്നു. റൂമിൽ പോയി കഴിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ
വഴിവക്കിൽ ഇരുന്ന് കഴിക്കാൻ മനസ്സുകാണിച്ച നാട്ടിൻപുറത്തുകാരൻ. ദുബായിൽ യൂണിയൻ മെട്രോയുടെ
തൊട്ടടുത്തും പിന്നീട് എയർപോർട്ട് ഫ്രീസോണിലും എനിക്ക് താമസസൗകര്യം ശരിയാക്കിത്തന്ന
മനുഷ്യസ്നേഹി. അവധി ദിവസങ്ങളിൽ Toyota Hilux മായ് വരുന്ന അദ്ദേഹത്തോടൊപ്പം ദുബായ്,
ഷാർജ ഒക്കെ കറങ്ങിയതും ഗഫൂർക്കയുടെ തട്ടുകടയിൽ പോയതുമൊക്കെ നിറമുള്ള ഓർമകളാണ്.
ദുബായിൽ റൂംമേറ്റായിരുന്ന
പെരുമ്പാവൂരുകാരൻ സാദിക്കിനെ എങ്ങനെ മറക്കാനാണ്. Carrefour ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായ
അദ്ദേഹവുമൊത്താണ് റാസൽഖൈമ സന്ദർശിച്ചത്. കുന്നുകളും ചതുപ്പുനിലങ്ങളുമുള്ള പ്രകൃതിരമണീയമായ
സ്ഥലം. അവിടുത്തെ സൂര്യാസ്തമയം കാപ്പിൽ കായലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വിസിറ്റ്
വിസയുടെ കാലാവധി കഴിയാറായി നാട്ടിലേക്കു തിരികെ പോകുന്ന വിവരം പറഞ്ഞപ്പോൾ സാദിക്ക്
ഒരു നിമിഷം നിശബ്ദനായി. നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം അദ്ദേഹം എനിക്ക് ബിരിയാണി
വാങ്ങി തന്നു. തിരികെ റൂമിലേക്ക് നടക്കുമ്പോൾ പഴ്സിൽ നിന്നും 50 Dirhams എടുത്ത് എന്റെ
നേരെ നീട്ടി. ഞാൻ സ്നേഹത്തോടെ നിരസിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അങ്ങനൊരു നാട്ടുനടപ്പ്
ഉണ്ടെന്നാണ്. നാട്ടിൻപുറത്തെ നന്മകളാൽ മഹാനഗരത്തെ സമൃദ്ധമാക്കുന്ന മനുഷ്യർ.


No comments:
Post a Comment