About Me

My photo
Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters, Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Training Center (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, March 6, 2010

'സ്നേഹാക്ഷരങ്ങള്‍' വൈഗ ന്യുസ് റിവ്യു



ഓര്‍മ്മകളുടെ സ്‌നേഹാക്ഷരങ്ങള്‍
Monday, 01 March 2010 15:26 vyganews

സീന ആന്റണി

സൗഹൃദങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ നിറഞ്ഞ കോളേജ്‌ മാഗസിനാണ്‌ സ്‌നേഹാക്ഷരങ്ങളുടെ ആദ്യവായനയില്‍ മനസ്സില്‍ നിറയുക. പറയാതെ പോയ പ്രണയത്തിന്റെ, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ പിന്നെയും ശേഷിച്ച വിശേഷങ്ങളുടെ, നൊമ്പരങ്ങളുടെ, സൗഹൃദങ്ങളുടെ കവിതാശകലങ്ങളാണ്‌ സ്‌നേഹാക്ഷരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌.

കൊല്ലം സ്വദേശിയും ദൂരദര്‍ശനില്‍ മാധ്യമപ്രവര്‍ത്തകനുമായ ഷിയാസ്‌ റഹ്‌മാന്റെ ആദ്യ കവിതാസമാഹാരമാണ്‌ സ്‌നേഹാക്ഷരങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന ചെറുപുസ്‌തകം.

അടുക്കിയടുക്കി വയ്‌ക്കുന്ന കൃത്യതയില്‍ നിന്ന്‌ വരികളും വാക്കുകളും ഇടയ്‌ക്കിടയ്‌ക്ക്‌ തെന്നിപ്പോകുന്ന കവിതകള്‍ കലാലയജീവിതത്തിന്റെ കൃത്യതയില്ലാത്ത ചിന്തകളുടെ നേര്‍ക്കാഴ്‌ചകളാണ്‌. ഒന്നിലും ഉറയ്‌ക്കാതെ പല വഴികളിലൂടെ നടന്നു നോക്കി സ്വന്തം വഴിയേതെന്നുറപ്പിക്കുന്ന കലാലയ വിദ്യാര്‍ത്ഥിയുടെ കൗതുകം കവിതകളിലുടനീളം ദൃശ്യമാണ്‌. 'വെറുക്കപ്പെട്ടവന്റെ ഹൃദയത്തിന്‌ വേഗക്കൂടുതലായിരുന്നു'(വിലാപം) എന്ന്‌ കവി പറയുമ്പോള്‍ വായനക്കാരനും വെറുക്കപ്പെട്ടവരുടെ പക്ഷത്താകുന്നു. കലാലയജീവിതത്തെക്കുറിച്ചെഴുതിയ 'അസ്‌തമയം' എന്ന കവിത വായിക്കുമ്പോള്‍ വായനക്കാരന്റേയും ഓര്‍മ്മകളില്‍ ഒരു പടിഞ്ഞാറന്‍ ചക്രവാളം ചുമക്കുന്നുണ്ട്‌.

വളരെ സാധാരണമായ അനുഭവങ്ങളെ കവിതയിലൂടെ അസാധാരണമായ അനുഭവതലത്തിലേയ്‌ക്കുയര്‍ത്താന്‍ കവിക്കു സാധിച്ചിട്ടുണ്ട്‌. 'നേര്‍രേഖ' എന്ന കവിത അതിന്‌ ഉത്തമ ഉദാഹരണമാണ്‌. പ്രണയത്തേയും വിരഹത്തേയും ബന്ധിപ്പിക്കുന്ന നേര്‍രേഖയാണ്‌ ഈ കവിത. പുനര്‍ജനി, പറയുവാന്‍ മറന്നത്‌, സമസ്യ, അകലം തുടങ്ങിയ കവിതകളിലും ഒരു പ്രതിഭയുടെ മിന്നലാട്ടം ഒളിഞ്ഞുകിടക്കുന്ന വരികള്‍ കാണാം.
വായിച്ചു പരിചയിച്ച ശൈലിയില്‍ നിന്നും വഴി മാറി നടക്കാന്‍ കവി ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കവിതകളും ഒരേ ശൈലിയുടെ ആവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എഴുതിത്തുടങ്ങുന്നവര്‍ക്ക്‌ സ്‌നേഹാക്ഷരങ്ങള്‍ ആവേശം നല്‍കും. മികച്ച ഒരു കവിയിലേക്കുള്ള എത്തിച്ചേരല്‍ അകലെയല്ലെന്ന്‌ സ്‌നേഹാക്ഷരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ലിപി പബ്‌ളിക്കേഷന്‍സാണ്‌ പുസ്‌തകത്തിന്റെ പ്രസാധകര്‍.
സ്‌നേഹാക്ഷരങ്ങള്‍

ഷിയാസ്‌ റഹ്‌മാന്‍
ലിപി പബ്‌ളിക്കേഷന്‍സ്
വില: 40

'സ്നേഹാക്ഷരങ്ങള്‍' മാധ്യമം റിവ്യു