കൊച്ചിയിൽ ജേർണലിസം പഠിക്കാൻ പോയപ്പോഴാണ് ഫൈവ് സ്റ്റാർ ഹോട്ടൽ കാണുന്നത്. പിൽക്കാലത്ത് ഡൽഹിയിൽ ജേർണലിസ്റ്റായി ചെന്നപ്പോഴാണ് ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ കാണുന്നത്. സരായ് ജുലെനയിലെ ഫോർട്ടിസ് എസ്കോർട്സ് ഹോസ്പിറ്റൽ ആയിരുന്നു ഹോട്ടൽ ലോബിയെ അനുസ്മരിപ്പിക്കുന്ന അകത്തളങ്ങളുള്ള ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ. Matador, Maruti Omni ആംബുലൻസുകൾ കണ്ടു ശീലിച്ച ഞാൻ തലങ്ങും വിലങ്ങും പായുന്ന Mercedes-Benz ആംബുലൻസുകൾ കണ്ടു ഞെട്ടി. ഇതൊന്നുമല്ല എയർ ആംബുലൻസ് കൂടിയുണ്ടെന്ന് അവിടെ ജോലി ചെയുന്ന ആരോ പറഞ്ഞറിഞ്ഞു. അങ്ങനെയാണ് ഹോസ്പിറ്റൽ ഒന്ന് കാണണമെന്ന മോഹമുദിച്ചത്. ഹോസ്പിറ്റൽ സ്റ്റാഫ് ഉപയോഗിക്കുന്ന ഒരു ചെറിയ ഗേറ്റ് റോഡിൻറെ എതിർവശത്തുണ്ട്. സെക്യൂരിറ്റിയെ സ്വാധീനിച്ചു ഹോസ്പിറ്റലിനകത്തുള്ള SBI ATM ഇൽ നിന്നും ക്യാഷ് എടുക്കാനെന്ന വ്യാജേനയാണ് അകത്തു കയറിയത്. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ഹോസ്പിറ്റൽ അതിനു മുൻപ് കണ്ടിട്ടില്ലായിരുന്നു. OPD യിൽ കോട്ടും സ്യൂട്ടുമിട്ട ഇന്ത്യക്കാരോടൊപ്പം ചികിത്സക്കെത്തിയ ആഫ്രിക്കക്കാരെയും അഫ്‌ഗാൻ പൗരന്മാരെയും കണ്ടു. ഡൽഹിയിൽ വച്ച് പനിയോ മറ്റോ വന്നാൽ ആരോഗ്യ സംരക്ഷണത്തിന് ശമ്പളം തികയാതെ വരുമോ എന്ന സംശയത്തിന് ഉത്തരം തേടിപ്പോയപ്പോഴാണ് മലബാർ ഹോട്ടലിലെ അലി ഇക്ക ഹോളി ഫാമിലി ഹോസ്പിറ്റലിനെ കുറിച്ച് പറയുന്നത്. 
ശൈത്യകാലത്തിന്റെ തുടക്കത്തിൽ തന്നെ പനിയും തൊണ്ടവേദനയും പിടിപെട്ടു. രാവിലെ 7.30 മുതൽ ടോക്കൺ കൊടുത്തുതുടങ്ങുമെന്നു അലി ഇക്ക പറഞ്ഞിരുന്നു. ജുലെനയിൽ നിന്നും ഒരു സൈക്കിൾ റിക്ഷയിൽ കയറി ഹോസ്പിറ്റലിൽ എത്തി. നീണ്ട ക്യൂ ശ്രദ്ധയിൽ പെട്ടു. പുതിയ റെജിസ്ട്രേഷൻ ആയതിനാൽ പൂരിപ്പിച്ചുകൊടുക്കാനുള്ള ഫോം വാങ്ങി ക്യൂവിൽ ഇടം പിടിച്ചു. പത്തു മിനുട്ട് കഴിഞ്ഞു കാണും. ചേട്ടാ എനിക്കുംകൂടി ഒരു ടോക്കൺ എടുക്കുമോ എന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. മലബാർ ഹോട്ടലിൽ വച്ച് കണ്ട് പരിചയമുള്ള പെൺകുട്ടിയാണ്. മറുപടി പറയും മുൻപേ 150 രൂപയും ഒരു മഞ്ഞ ഡയറിയും എന്റെ കയ്യിൽ തന്നു. ENT എന്നും പറഞ്ഞു പുള്ളിക്കാരി എങ്ങോട്ടോ പോയി. ക്യൂവിന്റെ നീളം കുറഞ്ഞു വന്നു. ഒടുവിൽ എന്റെ ഊഴമെത്തി. 200 രൂപ റെജിസ്ട്രേഷൻ ഫീ. 150 രൂപ ഡോക്ടർ ഫീ. ടോക്കൺ നമ്പർ 25. രസീതിനോടൊപ്പം ഇതാ നിങ്ങളുടെ OP കാർഡ് എന്ന് പറഞ്ഞു കൊണ്ട് കൗണ്ടറിൽ നിന്നും മഞ്ഞ ഡയറി നീട്ടി. അപ്പോൾ ടോക്കൺ എടുക്കാൻ ക്യാഷ് തന്ന പെൺകുട്ടി എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ഞാൻ ENT ക്കുള്ള ടോക്കനെടുത്ത രസീതും ഡയറിയും കൊടുത്തു. വല്യ ഉപകാരം ചേട്ടാ. പോകാൻ തിരിഞ്ഞ പെൺകുട്ടിയോട് എവിടെയാ വർക്ക് ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. എസ്കോർട്സ് ഹോസ്പിറ്റലിൽ നഴ്‌സാണെന്ന മറുപടി കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. അതെന്താ അവിടെ ചികിത്സയില്ലേ എന്ന ചോദ്യത്തിന് ശമ്പളത്തിന്റെ പകുതി അവിടെ കൊടുക്കേണ്ടി വരും എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് സിസ്റ്റർ പോയി. 
മലബാർ ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു 10 മണിയോടെ OPD യിൽ എത്തി. ഡിജിറ്റൽ സൈൻബോർഡിൽ ടോക്കൺ 25 തെളിഞ്ഞപ്പോഴേക്കും സമയം 12 മണി ആയി. ടോക്കനോടൊപ്പം ഡ്യൂട്ടി നേഴ്സ് വാങ്ങിയ മഞ്ഞ ഡയറി ഡോക്ടറുടെ ടേബിളിൽ കണ്ടു. രോഗവിവരങ്ങൾ ചോദിച്ചശേഷം ഡോക്ടർ ഡയറിയിൽ മരുന്ന് കുറിച്ചു. അഞ്ചു ദിവസത്തേക്ക് ആന്റി ബയോട്ടിക് എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഡയറി തിരികെ തന്നു. ഫർമസിയിൽ ചെന്നപ്പോൾ വീണ്ടും നീണ്ട ക്യൂ. ഡയറി ഹാജരാക്കി മരുന്നുകൾ വാങ്ങി പുറത്തിറങ്ങി. മലബാർ ഹോട്ടലിലെത്തുമ്പോൾ ഊണ് കഴിഞ്ഞിരുന്നു. ഒരു ബിരിയാണി പാർസൽ വാങ്ങി റൂമിലെത്തി. ഞാനറിയാതെ മഞ്ഞ ഡയറി ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. 
ഡൽഹിയിലെ കൊടും തണുപ്പും അന്തരീക്ഷമലിനീകരണവും ഇടക്കിടെ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതൊക്കെ എന്ത്  എന്ന മട്ടിൽ നടന്നിരുന്ന ഒരാളായിരുന്നു കേരള ഹോട്ടലിലെ തമ്പി ചേട്ടൻ. ശരിയായി വിന്റർ ഡ്രസ്സ് ധരിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടുമെന്ന് 30 വർഷമായി ഡൽഹിയിലുള്ള തമ്പി ചേട്ടനാണ് പറഞ്ഞത്. തെർമൽ, പിന്നെ ഷർട്ട്, അതിനു മുകളിൽ സ്വെട്ടർ, ആവശ്യമെങ്കിൽ ഒരു ജാക്കറ്റും. അദ്ദേഹം പറഞ്ഞു തന്ന ഡ്രസ്സ് കോഡ് ഡൽഹിയിലെ ശൈത്യകാലത്തെ വരുതിയിലാക്കാൻ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. 
ഇതിനിടെ ഫാസിലിന്റെ റൂമിലുള്ള ആരും ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാത്തത് ഞാൻ ശ്രദ്ധിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത റൂമിൽ താമസിക്കുന്ന എസ്കോർട്സ് ഹോസ്പിറ്റലിൽ നഴ്‌സായ ജൂന സിസ്റ്ററുടെ കുറിപ്പടിയുടെ ബലത്തിലാണ് ഇവരൊക്കെ ആശുപത്രിവാസം ഒഴിവാക്കുന്നതെന്നു കണ്ടെത്തി. മെഡിക്കൽ സയൻസിൽ അഗാധ പാണ്ഡിത്യമുള്ള ജൂന സിസ്റ്റർ Dr. Joona B.Sc.(N), ½ MBBS എന്ന പേരിൽ പ്രശസ്‌തയായി. 
പതിവിൽ കൂടുതൽ തണുപ്പുള്ള ഒരു പ്രഭാതത്തിൽ മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ട് പരിഭ്രാന്തനായി ഹോളി ഫാമിലിയിൽ ENT ഡോക്ടറിനെ കാണാൻ പോയി. ശൈത്യകാലത്ത് ചിലർക്ക് അങ്ങനെ വരാറുണ്ട് പേടിക്കേണ്ടതില്ല എന്ന് പറഞ്ഞു അദ്ദേഹം nasal drops തന്നു വിട്ടു. രാത്രി താപനില 1.5°C ആയിരുന്നുവെന്ന് ഗൂഗിൾ ന്യൂസിൽ കണ്ടു പകച്ചുപോയി. മറ്റൊരിക്കൽ ഗുജറാത്തിൽ നിന്നും കള്ളവണ്ടി കയറി മലബാർ ഹോട്ടലിൽ എത്തിയ പഴകിയ മൽസ്യം കഴിച്ച് വയറുവേദനയുമായി ഹോളി ഫാമിലിയിൽ എത്തിയ എന്നോട് ഡോക്ടർ ചോദിച്ചത് കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചോ എന്നാണ്. വർഷങ്ങളായി ഹോട്ടൽ ഭക്ഷണമാണെന്ന എന്റെ മറുപടി കേട്ട് അദ്ദേഹം നിശബ്ദനായി. 
ഹോളി ഫാമിലിയിലെ ഡോക്ടർമാരിൽ പരിചിത മുഖങ്ങൾ അപ്രത്യക്ഷമായി തുടങ്ങിയപ്പോഴാണ് അബുൽ ഫസൽ എൻക്ലേവിലുള്ള അൽ ഷിഫാ ഹോസ്പിറ്റലിൽ പോയത്. ഫട് ഫട് ഓട്ടോയിൽ 15 രൂപ കൊടുത്താൽ അവിടെയെത്തും. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ പൊടിക്കാറ്റ് വന്നു മൂടും. വൈപ്പർ ഇട്ട് കണ്ണാടി തുടക്കുമ്പോൾ ഹോസ്പിറ്റൽ കെട്ടിടം തെളിഞ്ഞു വരും. കടുത്ത തൊണ്ടവേദനയും ജലദോഷവുമായി ചെന്ന എന്നോട് ഏതു നാട്ടുകാരനാണെന്നു ഡോക്ടർ ചോദിച്ചു. കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം കണ്ണൂരിൽ വന്നിട്ടുണ്ടെന്നും ദൈവത്തിന്റെ സ്വന്തം നാട്ടുകാരനായ നിങ്ങൾ ലോകത്തിലെ ഏറ്റവും മലിനമായ നഗരത്തിൽ എന്തുചെയ്യുകയാണെന്നും പറ്റുമെങ്കിൽ അവിടെനിന്നും രക്ഷപ്പെടാനും തമാശരൂപേണ ഉപദേശിച്ചു. 
വർഷങ്ങൾക്കിപ്പുറം കോവിഡ് മഹാമാരിയുടെ സമയത്ത് ഫൈവ് സ്റ്റാർ ഹോസ്പിറ്റലായ എസ്കോർട്സിൽ Covishield വാക്സിൻ എടുക്കാൻ പോയി. ഡൽഹിയിലെ പ്രവാസ ജീവിതം മതിയാക്കി പോരുമ്പോൾ മഞ്ഞ ഡയറി 201-ാം നമ്പർ റൂമിൽ ഉപേക്ഷിച്ചു. ഹോളി ഫാമിലി ഹോസ്പിറ്റൽ OPD യിലെ ഡിജിറ്റൽ സൈൻബോർഡിൽ ടോക്കൺ നമ്പർ തെളിയുന്നതും കാത്ത് രോഗികൾ ഇപ്പോഴും അക്ഷമരായി കാത്തിരിക്കുന്നുണ്ടാകും.


 
 
No comments:
Post a Comment