ഡൽഹിയിലെ ഒരു പതിറ്റാണ്ട് നീണ്ട ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ 'മിസ്സ്' ചെയ്‍തത് എന്താണെന്ന് ചോദിച്ചാൽ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെയും ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെയും ഉത്സവങ്ങളാണെന്നാകും എന്റെ ഉത്തരം. ചാത്തന്നൂർ വിമല സ്കൂളിൽ പഠിക്കുമ്പോൾ കുടുംബ വീട്ടിലായിരുന്നു താമസം. കുടുംബ വീടിന്റെ ഒരു മതിൽ അപ്പുറമാണ് കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രം. അവിടത്തെ സുപ്രഭാത കീർത്തനം കേട്ടാണ് മിക്കപ്പോഴും ഉറക്കമുണർന്നിരുന്നത്.
മകരഭരണി മഹോത്സവം കൊടിയേറുന്നതിന് മുന്നോടിയായി ക്ഷേത്ര ഭാരവാഹികൾ വീട്ടിൽ ഉത്സവപ്പിരിവിന് വരാറുണ്ട്. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഉപ്പൂപ്പ കുശലാന്വേഷണത്തിനു ശേഷം ക്യാഷ് കൊടുത്തു രസീത് കൈപ്പറ്റും. പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ കാര്യപരിപാടികൾ അടങ്ങിയ നോട്ടീസും രസീതിനോടൊപ്പമുണ്ടാകും. മനസ്സിൽ അപ്പോഴേക്കും ഉത്സവം കൊടിയേറിയിട്ടുണ്ടാകും. ഉത്സവത്തിന്റെ സമാപന ദിവസം കസിൻസൊക്കെ വരും. കുട്ടികൾക്കൊക്കെ ഉപ്പുപ്പയുടെ വക ഉത്സവ പങ്ക് കിട്ടും. അമ്മാവന്മാരുടെ വകയായി ബലൂൺ, കരിമ്പ്, കടല വറുത്തത്, ഈന്തപ്പഴം എന്നിവയുണ്ടാകും. ദീപാലംകൃതമായ ക്ഷേത്രത്തിലേക്കുള്ള നടപ്പാത വഴിവാണിഭക്കാര്‍ നേരത്തെ കയ്യടക്കിയിട്ടുണ്ടാകും.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തിരുമുക്കിലെ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഉത്സവ ദിവസം കൃത്യമായി കുടുംബവീട്ടിലെത്തും. പെരുന്നാളിന് ഒത്തുകൂടുന്ന പോലെ ബന്ധുക്കളൊക്കെയുണ്ടാകും. കുടുംബവീടിന്റെ ഗേറ്റിനു മുൻപിൽ നിന്നാൽ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകുന്നവരെ കാണാം. റോഡിനു എതിർ വശത്തു ഗജവീരൻമാർ അണിനിരക്കും, പിന്നെ നിശ്ചലദൃശ്യങ്ങൾ, പാണ്ടിമേളം, ശിങ്കാരിമേളം. മേളപ്പെരുക്കത്തിന്റെ താളം കാതിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസിന്റെ ഗാനമേള കേൾക്കാനും കെ. ആർ പ്രസാദിന്റെ നാടകം കാണാനും സമീപപ്രദേശങ്ങളിൽ നിന്നൊക്കെ പുരുഷാരമെത്തും.
പ്രീഡിഗ്രി പഠനകാലത്താണ് ചാത്തന്നൂരിലെ ശ്രീ ഭൂതനാഥ ക്ഷേത്ര ഉത്സവം കാണാൻ പോയിത്തുടങ്ങുന്നത്. ക്ഷേത്രസന്നിധിയിലെ സമൂഹസദ്യയിൽ എല്ലാ ദേശവാസികൾക്കും പങ്കെടുക്കാം. രാത്രി 9 മണിക്കുള്ള ഗാനമേള കേൾക്കാൻ മിക്കവാറും അയൽവീട്ടിലെ കളിക്കൂട്ടുകാരായ മഹ്മൂദും മുബാറക്കുമൊത്താണ് പോകാറ്. ഒരിക്കൽ ഗാനമേള കഴിഞ്ഞു അർധരാത്രി ഷിബു ഖാന്റെ കാവാസാക്കി ബൈക്കിൽ നാൽവർ സംഘം തിരികെ വരുന്ന ചത്രം ഓർമപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ കാണാം. ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തിന്റെ സമാപന ദിവസം വൈകിട്ട് ആറാട്ട് ഘോഷയാത്രയുണ്ടാകും. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ നെടും കുതിരയെടുപ്പ് കാണാൻ സമീപ ജില്ലകളിൽ നിന്നുള്ള ഭക്തരുൾപ്പെടുന്ന ജനസഞ്ചയം ഒഴുകിയെത്തും. ദീപാലംകൃതമായ ക്ഷേത്രത്തിന്റെ ആകാശദൃശ്യം നയനമനോഹരമായ കാഴ്ചയാണ്.
തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉത്സവത്തോട് അനുബന്ധിച്ചുള്ള അറുപതോളം ഗജവീരന്മാർ അണിനിരന്ന ഗജമേള കാണാൻ കൊട്ടിയത്ത് പോയതും ആന വിരണ്ടപ്പോൾ അതുവഴിപോയ ഒരു ലോറിയിൽ കയറി പറക്കുളത്ത് ഇറങ്ങിയതും രസകരമായ ഓർമയാണ്. പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാ ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് പോയപ്പോഴാണ് ആലപ്പുഴ ഭീമാ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള കേൾക്കുന്നത്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഒരിക്കൽ പോയിട്ടുണ്ട്. പത്തനംതിട്ട സാരംഗിന്റെ ഗാനമേള ആസ്വദിച്ചു തിരികെപോന്നു. പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് പലപ്രാവശ്യം പോയിട്ടുണ്ട്. പത്തുവർഷത്തിനു ശേഷം ഇത്തവണ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ചിരപരിചിതമായ വഴിയിലൂടെ നടക്കുമ്പോൾ ഓർമകളുടെ പിൻവിളി കേട്ടു. ജനക്കൂട്ടത്തിൽ ലയിക്കുമ്പോഴേക്കും ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു.
No comments:
Post a Comment