കലാലയജീവിതം ഒരു വ്യക്തിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ, ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു പിടി നിമിഷങ്ങള്‍ നൽകിയാകും പിന്നില്‍ മറയുക. അതിര്‍വരമ്പുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആ ദിനങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങുവാന്‍ ആരും കൊതിച്ചുപോകും. പല കലാലയങ്ങളിലായി കൗമാരവും യൗവ്വനവും സാക്ഷ്യം വഹിച്ച ഒന്‍പതു വര്‍ഷങ്ങളാണ് ഞാന്‍ ചിലവഴിച്ചത്. എങ്കിലും ഓര്‍മ്മകളിലെപ്പോഴും സൈപ്രസ് മരങ്ങളും പഞ്ചാരക്കല്ലുകളും എരുമക്കുളവും ഒക്കെയുള്ള ഫാത്തിമ കോളേജാണ് കടന്നു വരാറുള്ളത്.
സ്കൂളിലെ നാല് ചുമരുകൾക്കുള്ളിൽ ഞെരുങ്ങിയ ഒരു കൗമാരക്കാരന്റെ മനസ്സുമായാണ് ഞാന്‍ കോളേജിന്റെ പടി കയറിയത്. അഡ്മിഷനെടുത്ത ദിവസം കോളേജില്‍ സംഘട്ടനവും സമരവുമായിരുന്നു. 90 ഓളം വിദ്യാര്‍ത്ഥികളുള്ള ക്ലാസ്സായിരുന്നു പ്രീഡിഗ്രി 2A. സ്കൂളും കോളേജും തമ്മിലുള്ള അന്തരം രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ത്തന്നെ എനിക്ക് മനസ്സിലായി. ആഴ്ചയില്‍ മൂന്നു ദിവസവും സമരം. ക്ലാസ്സുള്ള ദിവസം തന്നെ വിരലിലെണ്ണാവുന്നവർ മാത്രമേ ഹാജരുള്ളൂ. പതിയെ പതിയെ ഈ ഏർപ്പാട് കൊള്ളാമല്ലോ എന്നെനിക്കും തോന്നി. അന്ന് സിനിമാഭ്രമം തലക്കുപിടിച്ച സമയമാണ്. ആമിര്‍ ഖാനും മനീഷ കൊയ്‌രാളയുമാണ് താര ദൈവങ്ങള്‍. അധികം താമസിയാതെ ഞാന്‍ ടൈം ടേബിള്‍ മാറ്റി. രാവിലെ പതുമുപ്പതിനു ഊണ് കഴിച്ചു പതിനൊന്നു മുപ്പതിന്റെ മോണിംഗ് ഷോയ്ക്ക് കയറും. കാശുണ്ടെങ്കിൽ മാറ്റിനി കൂടി കാണും. ആറു മണിയോടെ വീട്ടിലെത്തും. സുഖജീവിതം.
ഇതിനിടെ ക്ലാസ്സിലെ മിക്കവരെയും പരിചയപ്പെട്ടു. പലരെയും തിയേറ്ററില്‍ വച്ചാണ് പരിചയപ്പെട്ടത്. ക്ലാസ്സിൽ വച്ച് ആദ്യം പരിചയപ്പെട്ടത് സഹിലിനെയാണ്. അത്യാവശ്യം തടിയും തലയെടുപ്പും. ഒറ്റ നോട്ടത്തില്‍ ഒരു ബുദ്ധിജീവി. ആവശ്യത്തിനുള്ള ബുദ്ധിയെ ഉള്ളൂവെന്ന് താമസിയാതെ മനസ്സിലായി. പിന്നീട് സൗഹൃദം സ്ഥാപിച്ചത് ഒരു കണ്ണടക്കാരിയുമായാണ്. പേര് കവിത. വളരെപ്പെട്ടെന്നു ഞങ്ങള്‍ സുഹൃത്തുക്കളായി. കവിതയിലൂടെ സജിനി, വിശ്വലത എന്നിവരെ പരിചയപ്പെട്ടു. സഹില്‍, എഡ്മണ്ട്, നിതീഷ്, ഞാന്‍. ഞങ്ങള്‍ സ്ഥിരം ബെഞ്ചുകാരായിരുന്നു. പുതിയ സുഹൃത്തുക്കളെ കിട്ടിയതോടെ ക്ലാസ്സില്‍ മുഖം കാണിച്ചുതുടങ്ങി.
ഇതിനിടെ SFI യുടെ ഒരു സജീവ പ്രവര്‍ത്തകനായി ഞാന്‍ മാറിയിരുന്നു. സമരങ്ങളിൽ നിന്നും സമരങ്ങളിലേക്കുള്ള യാത്രക്കിടയിലാണ് ആർഷയെ പരിചയപ്പെട്ടത്. SFI യുടെ പല പരിപാടികളിലും ഒന്നിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല. താമസിയാതെ, ആര്‍ഷയും കവിതയുടെ റോയല്‍ ഗ്രൂപ്പില്‍ച്ചേര്‍ന്നു. ഇടക്ക് സജിനി, റിന്‍സി, ആര്‍ഷ എന്നിവര്‍ ചേര്‍ന്ന് പുതിയ ഗ്രൂപ്പുണ്ടാക്കി. ജീവിതം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി മുന്നോട്ട് പൊയ്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ സജിനിക്ക് BSc ഫിസിക്സില്‍ നിന്നും ഒരു പ്രണയാഭ്യര്‍ത്ഥന. പുള്ളിക്കാരി ആകെ ധര്‍മ്മസങ്കടത്തിലായി. ഒരു ദിവസം എന്നോടു അഭിപ്രായം ചോദിച്ചു. ജീവിതം നിന്റെതാണ് അതുകൊണ്ട് തീരുമാനമെടുക്കേണ്ടത് നീയാണെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നീട് ഒരു പ്രണയത്തിനു കൂടി സൈപ്രസ് മരങ്ങള്‍ സാക്ഷ്യം വഹിച്ചു. ദിനരാത്രങ്ങൾ വളരെ വേഗം കടന്നു പൊയ്കൊണ്ടിരുന്നു. ഇതിനിടെ ആര്‍ഷ SFI വിട്ടു. ഏതാണ്ട് അതേ സമയത്ത് ഞാന്‍ SFI യൂണിറ്റ് കമ്മിറ്റി അംഗമായി.
രാഷ്ട്രീയവും സിനിമയുമായി നടക്കുമ്പോഴും സൗഹൃദത്തിന്റെ കാന്തവലയത്തിനുള്ളിലായിരുന്നു ഞാനെപ്പോഴും. സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും വേണ്ടി ക്ലാസ്സുകളില്‍ കയറുക പതിവായി. ഹേമ ടീച്ചറുടെയും സരയു മിസ്സിന്റെയും എത്രയോ ബോറന്‍ ക്ലാസ്സുകള്‍ ഞാന്‍ സഹിച്ചിരിക്കുന്നു വളരെ സന്തോഷത്തോടെ ഞങ്ങള്‍ ഒത്തുകൂടിയിരുന്ന ഒരേയൊരു ക്ലാസ്സ് സ്റെല്ല ജോണി ടീച്ചറുടെ (സിനിമ നടൻ കുണ്ടറ ജോണിയുടെ സഹധര്‍മിണി) ഹിന്ദി ക്ലാസ്സായിരുന്നു. ആര്‍ഷ ഒഴികെ ബാക്കി എല്ലാവരും ഹിന്ദി ആയിരുന്നു സെക്കന്റ് ലാംഗ്വേജ്. സജിനിയുടെ നിഴല്‍ പോലെ കാണാറുള്ള റിന്‍സിയെ ഇതിനിടെ പരിചയപ്പെട്ടു. പിൽക്കാലത്ത് റിന്‍സി സജിനിയുടെ പ്രണയം സഫലമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എല്ലാവരും റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാനുള്ള തിരക്കുകളില്‍ മുഴുകി. പുതു വര്‍ഷത്തെ കാത്തിരുന്ന ഞങ്ങളെ ഒന്നടങ്കം വേദനിപ്പിച്ചുകൊണ്ടാണ് ആ ഡിസംബര്‍ കടന്നുപോയത്. ഞങ്ങളുടെ സഹപാഠിയായ Dubon Charles നെ മരണം തട്ടിയെടുത്തത് ആ കറുത്ത ഡിസംബറില്‍ ആയിരുന്നു. ഓട്ടോഗ്രാഫിന്റെ രംഗപ്രവേശം വിട പറയുവാന്‍ നേരമായെന്നോർമിപ്പിച്ചു. ഓട്ടോഗ്രാഫിലെ വാക്കുകളില്‍ ഒതുങ്ങാനുള്ളതല്ല ഞങ്ങളുടെ സൗഹൃദമെന്നു ഇടക്കെത്തുന്ന കത്തുകളും ഗ്രീടിംഗ് കാര്‍ഡുകളും ലാൻഡ്‌ലൈൻ ഫോണ്‍ കോളുകളും (അന്ന് മൊബൈല്‍ വിപണിയിലെത്തിയിട്ടില്ല) തെളിയിച്ചു കൊണ്ടിരുന്നു.
രണ്ടാം വര്‍ഷത്തെ ക്ലാസുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എല്ലാവരും റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാനുള്ള തിരക്കുകളില്‍ മുഴുകി. പുതു വര്‍ഷത്തെ കാത്തിരുന്ന ഞങ്ങളെ ഒന്നടങ്കം വേദനിപ്പിച്ചുകൊണ്ടാണ് ആ ഡിസംബര്‍ കടന്നുപോയത്. ഞങ്ങളുടെ സഹപാഠിയായ Dubon Charles നെ മരണം തട്ടിയെടുത്തത് ആ കറുത്ത ഡിസംബറില്‍ ആയിരുന്നു. ഓട്ടോഗ്രാഫിന്റെ രംഗപ്രവേശം വിട പറയുവാന്‍ നേരമായെന്നോർമിപ്പിച്ചു. ഓട്ടോഗ്രാഫിലെ വാക്കുകളില്‍ ഒതുങ്ങാനുള്ളതല്ല ഞങ്ങളുടെ സൗഹൃദമെന്നു ഇടക്കെത്തുന്ന കത്തുകളും ഗ്രീടിംഗ് കാര്‍ഡുകളും ലാൻഡ്‌ലൈൻ ഫോണ്‍ കോളുകളും (അന്ന് മൊബൈല്‍ വിപണിയിലെത്തിയിട്ടില്ല) തെളിയിച്ചു കൊണ്ടിരുന്നു.
ഫാത്തിമ കോളേജിനോട് വിട പറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. സഹില്‍ കുടുംബവുമൊത്ത് ദുബായിൽ. പ്രണയകഥയിലെ നായികാനായകന്മാര്‍ കുട്ടികളോടൊത്ത് ഹൈദരാബാദില്‍. ആർഷയും അഭിലാഷേട്ടനും മക്കളും അമേരിക്കയിലേക്ക് കുടിയേറി. റിന്‍സി അബുദാബിയിലെ പ്രവാസജീവിതം മതിയാക്കി കുടുംബവുമൊത്ത് കടവൂരിൽ സ്ഥിരതാമസമാക്കി. അന്നത്തെ കണ്ണടക്കാരി ഇന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്‌സാണ്. രാഷ്ട്രീയക്കാരനാകുമെന്ന് നാട്ടുകാരും വീട്ടുകാരും കരുതിയ ഞാന്‍ ജേർണലിസ്റ്റ് ആയി.
ഇങ്ങനെ ഒക്കെയാണെങ്കിലും കൊല്ലവും ഹൈദരാബാദും ടെക്സാസും ദുബായുമെല്ലാം എപ്പോഴും മൊബൈല്‍ റെയ്ഞ്ചിനുള്ളിലാണ്. സംസാരിച്ചു തുടങ്ങിയാല്‍ എല്ലാവരും പഴയ കൗമാരക്കാരാകും. ഈ സൗഹൃദത്തിന്റെ രസതന്ത്രം മനസ്സിലാക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ കഴിയും തോറും കൂടുതല്‍ ശക്തമാകുന്ന ഒരപൂര്‍വ പ്രതിഭാസമായി മിഴിവൊട്ടും മങ്ങാതെ അത് ഹൃദയത്തോട് ചേർന്നുനിൽക്കുന്നു.
1 comment:
ഇതിലെ ഒരു കഥാപാത്രം ഞാന്‍ ആണ്... അഭിലാഷേട്ടന്റെ പ്രിയ ഭാര്യ :)
നന്ദി ഷിയാ... ഇതെന്നെ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.. എല്ലാരും പല പല ഇടങ്ങളില്‍, പക്ഷെ സൌഹൃദത്തിന്റെ രസതന്ത്രം ഇപ്പോളും
പഴയത് പോലെ തന്നെയുണ്ട്... ഇത് മനസിലാകണമെങ്കില്‍, സരയു മിസ്സിന്റെ കെമിസ്ട്രി ക്ലാസ്സ് അറ്റന്‍ഡ് ചെയ്യണമായിരുന്നു. ;)
നീ ഒക്കെ കട്ട് ചെയ്ത് കീ ജെ വിളിച്ചു നടന്നില്ലേ?? അനുഭവിചോഓഓ
Post a Comment