About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Thursday, July 9, 2026

കാക്കനാട് - ഇടക്കൊച്ചി (പാലാരിവട്ടം വഴി)

 



എച്ച്ഡിഎഫ്സി ബാങ്കിൽ 20 വർഷം പൂർത്തിയാക്കിയ വലിയുമ്മാടെ മകൻ നിഷാനിക്കയെ ബാങ്കധികൃതർ ഉപഹാരം നൽകി ആദരിച്ചതായി അറിഞ്ഞപ്പോൾ ഓർമ്മകൾ ഫോർഡ് ഫിയസ്റ്റയിൽ 120 കിലോമീറ്റർ വേഗതയിൽ ചാത്തന്നൂരിൽ നിന്നും കൊച്ചിയിലേക്ക് ശരംപോലെ പാഞ്ഞു. കാക്കനാട്ടെ കേരള പ്രസ് അക്കാദമിയിൽ ജേണലിസം കോഴ്സിന് ചേരാനുള്ള അപേക്ഷ ഫോറം വാങ്ങാൻ ചാത്തന്നൂരിൽ നിന്നും നിഷാനിക്കയോടും റാണിയോടുമൊപ്പം കാറിലാണ് പോയത്. ആ സമയം എച്ച്ഡിഎഫ്സി യുടെ പാലാരിവട്ടം ബ്രാഞ്ചിലായിരുന്നു ഇക്ക. എൻട്രൻസ് പരീക്ഷയുടെ തലേന്ന് ഞങ്ങളൊന്നിച്ചാണ്‌ എം.ജി റോഡിലെ കവിത തിയേറ്ററിൽ 'അറബിക്കഥ' കാണാൻ പോയത്. പ്രസ് അക്കാദമിയിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഇടക്കൊച്ചിയിലെ വാടകവീട്ടിൽ താമസിക്കാമെന്ന് ഇക്ക പറഞ്ഞു. അങ്ങനെ ഞാൻ കൊച്ചിക്കാരനായി. നിഷാനിക്ക ലോക്കൽ ഗാർഡിയനും.

രാവിലെ 7.45 നുള്ള ഇടക്കൊച്ചി-കലൂർ ബസിൽ കോളേജിലേക്ക് പുറപ്പെടും. കലൂർ സ്റ്റാൻഡിൽ നിന്നും കാക്കനാട് ബസ് കിട്ടും. വൈകിട്ട് ക്ലാസ് കഴിഞ്ഞു വരുമ്പോൾ പാലാരിവട്ടത്ത് എച്ച്ഡിഎഫ്സി ബാങ്കിൽ കയറും. ചില ദിവസങ്ങളിൽ ഇക്കയോടൊപ്പം ഒന്നിച്ചാകും ഇടക്കൊച്ചിയിലേക്കുള്ള യാത്ര. വർക്കീസ് സൂപ്പർ മാർക്കറ്റിൽ നിന്നും മീനും സ്നാക്ക്സുമൊക്കെ വാങ്ങും. എച്ച്ഡിഎഫ്സി ബാങ്കിൽ ഇക്കയുടെ സഹപ്രവർത്തകരായ ഷൈനും മാത്യുവും ലിജേഷ് സാറുമായൊക്കെ സൗഹൃദം സ്ഥാപിച്ചു. ഇടക്ക് ഇടക്കൊച്ചിയിൽ നിന്നും കലൂരേക്ക് താമസം മാറിയപ്പോൾ ഇക്ക എന്നെയും കൂടെക്കൂട്ടി. ദേശാഭിമാനി ജങ്ഷനിലെ താമസസ്ഥലത്ത് നിന്നും പാലാരിവട്ടത്തെ ഓഫീസിലേക്കും കാക്കനാട്ടെ കോളേജിലേക്കുമുള്ള ദൂരം കുറഞ്ഞു.

നിഷാനിക്കയുമൊത്തു കൊച്ചിയിലെ ഒട്ടുമിക്ക ഹോട്ടലുകളും സന്ദർശിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. നിരവധി സിനിമകൾ കണ്ടു. കൊച്ചി-ചാത്തന്നൂർ റൂട്ടിൽ അസംഖ്യം യാത്രകൾ ചെയ്തു. പിൽക്കാലത്ത് ഡൽഹിയിൽ ജേണലിസ്റ്റ് ആയപ്പോൾ ആദ്യ വിമാനയാത്ര കൊച്ചിയിലേക്കായിരുന്നു. അന്ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോകാൻ ഇക്കയും മാത്യുവും കൂടിയാണ് വന്നത്. പിന്നീട് കൊച്ചിയിൽ പോകുമ്പോഴൊക്കെ ഇക്കയുടെ വീട് ഒരു ഇടത്താവളമായി. കൊച്ചിയോടുള്ള ഇഷ്ടം കൊണ്ടാകണം നിഷാനിക്ക അവിടെയൊരു ഫ്ലാറ്റ് വാങ്ങി. പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടി കുടുംബസമേതം ചെന്നൈയ്ക്ക് പോയപ്പോഴും ഇക്കക്ക് കൊച്ചിയിൽ വിപുലമായ ഒരു സുഹൃത്‌വലയമുണ്ടായിരുന്നു.

ഒരേ സ്ഥാപനത്തിൽ രണ്ട് പതിറ്റാണ്ട് ജോലി ചെയ്യുക എന്നത് തൊഴിൽ സ്ഥിരതയും വിശ്വസ്തതയും പ്രകടമാക്കുന്ന ഒന്നാണ്. കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട ഈ വേളയിൽ പ്രിയപ്പെട്ട വല്യേട്ടന് ഹൃദയാഭിവാദ്യങ്ങൾ.



No comments: