About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Sunday, June 21, 2026

പുൽമൈതാനങ്ങളെ ത്രസിപ്പിച്ച മാന്ത്രികർ



വീട്ടിൽ പുതിയ ഒനിഡ ടിവി വാങ്ങിയ സമയത്തായിരുന്നു 1994 ലെ ഫുട്ബോൾ ലോകകപ്പ്. ദൂരദർശനിൽ തത്സമയ
സംപ്രേക്ഷണം. റൊമാരിയൊ-ബെബറ്റൊ സഖ്യത്തിന്റെ ചിറകിലേറി കിരീടം നേടിയ ബ്രസീൽ. കൊളംബിയൻ മധ്യനിരയിലെ
സ്വർണത്തലമുടിക്കാരൻ കാർലോസ് വാൽഡറാമയുടെ നൃത്തച്ചുവടുകൾ. 

ഇതിഹാസ താരങ്ങളായ സിനദിൻ സിദാന്റെയും റൊണാൾഡോയുടെയും ഉദയം കണ്ട ലോകകപ്പായിരുന്നു 1998 ലേത്. റൊണാൾഡോ
നിറംമങ്ങിയ ഫൈനലിൽ സിദാന്റെ രണ്ട് തകർപ്പൻ ഹെഡ്ഡർ ഗോളുകളുടെ
പിൻബലത്തിൽ ഫ്രാൻസ് ബ്രസീലിനെ 3-0 ന് അട്ടിമറിച്ചു കന്നി കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഗോൾകീപ്പർ ഫാബിയൻ ബാർത്തസ് മിന്നൽ
സേവുകളുമായി കളം നിറഞ്ഞു.

ഏഷ്യൻ വൻകരയിൽ നടന്ന 2002 ഫുട്ബോൾ ലോകകപ്പിൽ ലോകത്തെ മികച്ച സ്‌ട്രൈക്കർ സ്ഥാനം അരക്കിട്ടുറപ്പിച്ച റൊണാൾഡോ ക്ലിനിക്കൽ ഫിനിഷുകളുമായി ഗോൾവല നിറച്ചു. ജർമനിക്കെതിരായ ഫൈനലിലെ
ഇരട്ടഗോളുകൾ ഉൾപ്പെടെ നേടിയത് 8 ഗോളുകൾ. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 35 വാര അകലെനിന്നും റൊണാൾഡീഞ്ഞോ തൊടുത്ത മഴവിൽ ഫ്രീകിക്കിന് മറവിയുടെ മാറാലതട്ടാത്ത ഓർമച്ചിത്രങ്ങളിൽ ഇപ്പോഴും ഏഴഴകാണ്. മാതൃഭൂമി പത്രത്തിൽ ഒആർ രാമചന്ദ്രൻ സാറിന്റെ ലോകകപ്പ് റിപ്പോർട്ടുകൾ വായിച്ചാണ് ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകണമെന്ന മോഹം മനസ്സിലുദിച്ചത്. 

ഫ്രഞ്ച് ക്യാപ്റ്റൻ സിനദിൻ സിദാൻ ഇറ്റലിയുടെ മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയ സംഭവത്താൽ കുപ്രസിദ്ധമായ 2006 ലെ ഫിഫ ലോകകപ്പിൽ ഇറ്റലി ജേതാക്കളായി. 'മിശിഹ' ലയണൽ മെസ്സിയും 'CR7' ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകകപ്പ് അരങ്ങേറ്റം കുറിച്ചപ്പോൾ മിറോസ്ലാവ് ക്ളോസെ ടോപ് സ്കോററായി. 

മധ്യനിരയിലെ തലതൊട്ടപ്പന്മാരായ
സാവിയും ഇനിയേസ്റ്റയും ഉൾപ്പെട്ട സ്പാനിഷ് ടീം 'ടിക്കി-ടാക്ക' ശൈലിയിലൂടെ 2010-ൽ കന്നി ലോകകിരീടം സ്വന്തമാക്കി. ഗോൾവല കാത്ത ക്യാപ്റ്റൻ ഇകേർ കാസിയസ്സ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി. ഡീഗോ ഫോർലാന്റെ ഐതിഹാസികമായ ലോംഗ് റേഞ്ച് ഷോട്ടുകൾ ഉറുഗ്വേയെ സെമിഫൈനലിൽ
എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2014 ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കണ്ടത് ഡൽഹിയിലെ ജർമൻ എംബസ്സിയിലെ വലിയ സ്‌ക്രീനിലായിരുന്നു. കിരീടമില്ലാത്ത
രാജാവെന്ന വിളിപ്പേര് മാറ്റി മെസ്സിയുടെ അർജന്റീന കപ്പുയർത്തുന്നത് കാണാനായിരുന്നു ആഗ്രഹം. മാറക്കാനയിൽ നടന്ന ഫൈനലിൽ അധിക സമയത്ത് മാരിയോ ഗോട്സെ ജർമ്മനിക്കായി വിജയ ഗോൾ നേടുമ്പോൾ ആർപ്പുവിളികളോടെ ആഘോഷിച്ച ജർമ്മൻ ആരാധകരുടെയിടയിൽ നിന്നും തലതാഴ്ത്തി പതിയെ പുറത്തേക്കിറങ്ങി.

2018 ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ
കാണാൻ കഴിഞ്ഞില്ല. 2022 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ മെസ്സി ഫുട്ബോൾ
ഇതിഹാസങ്ങളുടെ പട്ടികയിൽ കിരീടവും ചെങ്കോലുമായി ഇടംപിടിക്കുന്നത് കണ്ട് രോമാഞ്ചംകൊണ്ടു. കിലിയൻ എംബാപ്പെയുടെ ഹാട്രിക്കും മെസ്സിയുടെ ഇരട്ടഗോളുകളും അവിസ്മരണീയമാക്കിയ ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും മികച്ച കായിക കാഴ്ചകളിലൊന്നായി അവശേഷിക്കുന്നു.

No comments: