About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, November 7, 2026

എസ്‌കേപ്പ് ഫ്രം ഡമാസ്കസ് സ്ട്രീറ്റ്

 


ഒരു പതിറ്റാണ്ടിനു ശേഷമാണു ദുബായിൽ വീണ്ടുമെത്തിയത്. കമ്പനി അൽ ഖിസായ്‌സിലെ ഡമാസ്കസ് സ്ട്രീറ്റിലാണ് താമസം ശരിയാക്കിയത്. കേരളം, തമിഴ്നാട്, ഒഡീഷ സ്വദേശികളായ പ്രവാസികളെ അവിടെ കണ്ടുമുട്ടി. താമസസ്ഥലത്തു നിന്നും ഓഫീസിലേക്ക് പത്തു മിനുട്ട് നടന്നാൽ മതി. ആദ്യ ദിവസം ഓഫീസിലേക്ക് ഇറങ്ങാൻ നേരം മഞ്ചേരിക്കാരൻ മൻസൂർ തടഞ്ഞുനിർത്തി 10 ദിർഹം ചോദിച്ചു. സിനിമകളിൽ കണ്ടിട്ടുള്ള ബോംബയിലെ ഹഫ്ത പിരിവാണ് ഓർമവന്നത്. ഡൽഹിയിലെ താപ്പാനകളെ (ഉത്തരേന്ത്യൻ ലോബി) പേടിച്ചിട്ടില്ല. പിന്നല്ലേ ആനപ്പിണ്ടം. മൻസൂറിനെ കണ്ടം വഴി ഓടിച്ചു. 


താമസസ്ഥലം അത്ര സുരക്ഷിതമല്ലെന്ന തോന്നൽ കാരണം രണ്ടാം ദിവസം ലാപ്ടോപ്പ് ഓഫീസിൽ വച്ചിട്ടാണ് പോന്നത്. രാത്രി പാസ്‌പോർട്ടും പഴ്സും നമ്പർ ലോക്കുള്ള VIP ട്രോളി ബാഗിൽ വച്ചാണ് കിടപ്പ്. അടുത്ത ദിവസം നമ്പർ ലോക്കുള്ള American Tourister ബാഗ് പിൻ നമ്പർ കൊടുത്തിട്ടും തുറക്കുന്നില്ല. എന്തോ പന്തികേട് തോന്നി. അപ്പോൾ "എന്താ പാസ്സ്‌വേർഡ് മറന്നോ" എന്ന് ചോദിച്ചുകൊണ്ട് മൻസൂർ പ്രത്യക്ഷപെട്ടു. മറുപടി പറയാതെ ഞാൻ ബാഗുമെടുത്ത് പുറത്തിറങ്ങി. ട്രോളി ബാഗുമായി ഓഫീസിലെത്തിയ എന്നെ കണ്ട മാനേജർ ഞെട്ടി. വിവരം പറഞ്ഞു. നമ്പർ ലോക്ക് അഴിക്കാൻ സ്നേഹസമ്പന്നനായ മാനേജർ മുഹമ്മദ് ഹാഷിമും കൂടി. അര മണിക്കൂറത്തെ പോരാട്ടത്തിനൊടുവിൽ ബാഗ് തുറന്നു. ഭാഗ്യം. സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞു ട്രോളി ബാഗുമായി റൂമിലെത്തി.


രാത്രി പതിവുപോലെ പാസ്‌പോർട്ടും പഴ്സും TSA ലോക്കുള്ള VIP ബാഗിൽ വച്ച് കിടന്നു. രാവിലെ 6 മണിക്ക് അലാറം അടിച്ചു. പാസ്‌പോർട്ടും പഴ്സും ബാഗിലുണ്ടോ എന്ന് നോക്കാൻ വേണ്ടി പിൻ നമ്പർ കൊടുത്തപ്പോഴാണ് പണി കിട്ടിയെന്നു മനസിലായത്. ബാഗ് തുറക്കാൻ പറ്റുന്നില്ല. വീണ്ടും ശ്രമിച്ചു. രക്ഷയില്ല. പുതപ്പിനടിയിലൂടെ മൻസൂർ എന്നെ നിരീക്ഷിക്കുന്നതായി മനസിലായി. ഭാഗ്യത്തിന് മൊബൈൽ ഹാൻഡ്ബാഗിൽ തന്നെയുണ്ട്. ഒന്നും സംഭവിക്കാത്തത് പോലെ റൂമിനു പുറത്തിറങ്ങി. സുഹൃത്ത് സഹിലിനെ വിളിച്ചു വിവരം പറഞ്ഞു. പെട്ടെന്ന് റെഡിയായി ഹാൻഡ്ബാഗും VIP ട്രോളി ബാഗുമെടുത്ത് പുറത്തിറങ്ങി. മൊബൈലിന്റെ ചാർജ് 16 ശതമാനം എത്തി. എത്രയും പെട്ടെന്ന് ഓഫീസിലെത്തണം. മാനേജരെ വിളിച്ചു വിവരം പറഞ്ഞു. ഓഫീസിലെത്തി നമ്പർ ലോക്ക് തുറക്കാനുള്ള ശ്രമമാരംഭിച്ചു. ഒരു രക്ഷയുമില്ല. ഇതിനിടെ മാനേജർ 50 ദിർഹം തന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് വരാൻ പറഞ്ഞു. തിരിച്ചെത്തി വീണ്ടും പല നമ്പറുകൾ പയറ്റി നോക്കി. ബാഗ് കുത്തിപൊളിക്കുകയല്ലാതെ ഒരു വഴിയുമില്ലെന്ന് മാനേജർ തീർത്ത് പറഞ്ഞു. 2017 മുതൽ എത്ര ഡൽഹി യാത്രകളിൽ സന്തതസഹചാരിയായിരുന്ന ബാഗാണ്. അങ്ങനെ ലോക്ക് പൊളിച്ചു ബാഗ് തുറന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പാസ്‌പോർട്ടും പഴ്സും ഒക്കെ എന്തോ അമൂല്യ നിധി പോലെ തോന്നിച്ചു. പുതിയ താമസസ്ഥലത്തേക്ക് മാറുകയല്ലാതെ വേറെ വഴിയില്ലെന്ന് ഞാൻ കമ്പനിയെ അറിയിച്ചു. അവർ പച്ചക്കൊടി കാട്ടി. 


ദുബായിലെ സംഭവവികാസങ്ങൾ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി United Arab Emirates ലുള്ള ബന്ധുജനങ്ങൾ അറിഞ്ഞു. ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു. വലിയുമ്മാടെ മോൾ നദിയായും ഷബീർ മച്ചായും വിഷയത്തിൽ നേരിട്ട് ഇടപെട്ടു. മിശിഹായെപ്പോലെ തലശ്ശേരിക്കാരൻ ദല്ലാൾ ജസ്പർ പ്രത്യക്ഷപെട്ടു. പഴയ താമസസ്ഥലത്തു പോയി സ്ഥാവരജംഗമ വസ്തുക്കൾ വാരികെട്ടി പുറത്തിറങ്ങി. ലൊക്കേഷൻ നാദിയയുടെ വാട്സാപ്പ് നമ്പറിൽ അയച്ചു. താമസിയാതെ സിൽവർ കളർ ടൊയോട്ട പ്രാഡോയിൽ രക്ഷകർ വന്നെത്തി. നേരെ അൽ നഹ്ദ 2 വിലെ പുതിയ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു. ദല്ലാൾ ജസ്പർ തലശ്ശേരി ബ്രണ്ണൻ കോളേജിൽ വടിവാളുകൾക്കിടയിലൂടെ നടന്നുപോയ സഖാവിന്റെ കാര്യമൊക്കെ പറഞ്ഞു. പുതിയ താമസസ്ഥലത്തേക്ക് വലത് കാൽവച്ച് കയറി. വാടകയും ഡെപ്പോസിറ്റും കൂടി 1000 dirhams ജസ്പർ കൈപറ്റി. ഓഫീസിലേക്ക് 6 കിലോമീറ്റർ ദൂരമുണ്ട്. ബസിൽ പോകണം. അതിനു Nol കാർഡ് എടുക്കണം. തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ പോയി കാർഡ് എടുത്തു. 50 Dirhams നു റീചാർജ് ചെയ്തു. പുതിയ താമസസ്ഥലത്തു എന്നെ ഇറക്കി പ്രാഡോ തിരിച്ചു പോയി. മഞ്ചേരിക്കാരൻ മൻസൂറിന്റെ നമ്പറുകളെ പ്രതിരോധിച്ച VIP, American Tourister നമ്പർ ലോക്കുകളോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

No comments: