ഡൽഹിയിൽ എത്തുന്നതുവരെ അരിയാഹാരം കഴിക്കുന്ന ഒരു തനി മലയാളി ആയിരുന്നു ഞാൻ. എന്നാൽ മൂന്നുനേരവും ഗോതമ്പാഹാരം കഴിക്കുന്ന ഹിന്ദി ഹൃദയഭൂമിയിൽ അരിയാഹാരം കേരള ഹോട്ടലുകളിൽ മാത്രം കിട്ടുന്ന ഒന്നായിരുന്നു. അങ്ങനെയാണ് തവ റൊട്ടിയും തന്തൂരി റൊട്ടിയും മെനുവിൽ ഇടം പിടിക്കുന്നത്.
ഈവനിംഗ് ഷിഫ്റ്റുള്ള ദിവസങ്ങളിൽ ദൂരദർശൻ കാന്റീനിൽ ഡിന്നറിനു തവ റൊട്ടിയും തന്തൂരി റൊട്ടിയും അനുബന്ധ സബ്‌ജികളും ഉണ്ടാകും. തവ റൊട്ടിയും ദാൽ ഫ്രയും ആണ് ആദ്യം പരീക്ഷിച്ചു നോക്കിയത്. അടുത്ത ദിവസം अंडा (മുട്ട) ഭുജിയ കൂടി വാങ്ങി. പിന്നെ തവ റൊട്ടിയും अंडा കറിയും കഴിച്ചു നോക്കി. കളിമൺ അടുപ്പിൽ ചുട്ടെടുക്കുന്ന തന്തൂരി റൊട്ടിയും പനീർ മസാലയും ഇഷ്ടപ്പെട്ടു. പറഞ്ഞുവരുമ്പോൾ കേരളത്തിലെ ഹോട്ടലുകളിൽ കിട്ടുന്ന നാനിന്റെ വകയിലൊരമ്മാവൻ ആയിട്ടുവരും തന്തൂരി റൊട്ടി. നാട്ടിൽ ഗോതമ്പ് പലഹാരങ്ങളോട് മുഖം തിരിച്ചിരുന്ന ഞാൻ ഗത്യന്തരമില്ലാതെ ഗോതമ്പിനോട് സമരസപ്പെട്ടു.
വീഡിയോ എഡിറ്റർ
മുനിന്തർ യാദവ് പറഞ്ഞാണ് മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനടുത്തുള്ള FICCI കാന്റീനിലെ റൊട്ടി-ഭിണ്ടി
സബ്ജി (വെണ്ടയ്ക്ക) കോംബോയെ കുറിച്ചറിഞ്ഞത്. അങ്ങനെ മുനിന്തർ യാദവിനോടൊപ്പം റൊട്ടിയും
ഭിണ്ടിയും കഴിക്കാൻ പോയി. മിതമായ വിലയും രുചികരമായ ഭക്ഷണവും. വൈകാതെ ഈവനിംഗ് ഷിഫ്റ്റുള്ള
ദിവസങ്ങളിൽ അത്താഴം FICCI കാന്റീനിൽ നിന്നായി. Early morning ഷിഫ്റ്റുള്ള ഒരു ഞായറാഴ്ച
ഓഫീസ് കാന്റീനിൽ നിന്നും ആലൂ പറാട്ടയും സബ്ജിയും കഴിച്ചു. വിഭവം കുറച്ചു ഹെവിയായതിനാൽ
അന്ന് ലഞ്ച് കഴിക്കേണ്ടി വന്നില്ല. അവിചാരിതമായി കിട്ടിയ ഒരു ഡേ ഷിഫ്റ്റിൽ അമീർ റിസ്‌വിയോടൊപ്പം
ഹരിയാന ഭവനിലെ 50 രൂപയുടെ 'थाली' കഴിക്കാൻ പോയി. പച്ചരി ചോറും റൊട്ടിയും ദാലും പലതരം
സബ്‌ജികളും സലാഡും ഉൾപ്പെടുന്ന 'थाली' പുതുമയുള്ള ഉച്ചഭക്ഷണമായിരുന്നു.
കേന്ദ്ര വാർത്താ
വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ ജോലി ചെയ്യുമ്പോൾ Soochna Bhavan ന് തൊട്ടടുത്തുള്ള
Scope Complex കാന്റീനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. അവിടെ ഉച്ചസമയത്ത് തന്തൂരി
റൊട്ടിയും ചിക്കൻ കറിയും ലഭ്യമായിരുന്നു. 3 മണിക്കുള്ള ഡ്യൂട്ടി സ്ഥിരമായപ്പോൾ ഒരു
ടിഫിൻ ബോക്സ് വാങ്ങി അതിൽ മലബാർ ഹോട്ടലിൽ നിന്നും ഹാഫ് ബിരിയാണി വാങ്ങികൊണ്ട് പോകാൻ
തുടങ്ങി. എന്നാൽ പലപ്പോഴും ബിരിയാണി കേടായതുകാരണം അത്താഴപട്ടിണിയായി. പിന്നെ ഓഫീസിലേക്ക്
വരുന്നവഴി ടിഫിൻ ബോക്സിൽ Scope Complex കാന്റീനിൽ നിന്നും തന്തൂരി റൊട്ടിയും ചിക്കൻ
കറിയും വാങ്ങി 7 മണിയാകുമ്പോൾ കഴിച്ചു പോന്നു.
സ്വിഗ്ഗിയിൽ
മെമ്പർഷിപ്പ് എടുത്തതോടെ റൊട്ടിയും സബ്ജിയും ചൂടോടെ കഴിക്കാൻ തുടങ്ങി. മിക്കപ്പോഴും
കൂടെ ജോലിചെയ്യുന്ന നിർഭയ് സിംഗുമൊത്താണ് അത്താഴം. നിർഭയ് ആള് നോൺ വെജ്ജാണ്. റൊട്ടിയും
ബട്ടർ ചിക്കനും നല്ല കോമ്പിനേഷൻ ആണെന്ന് അദ്ദേഹമാണ് പറഞ്ഞത്. 8 റൊട്ടിയും ഒരു സബ്ജിയും
വാങ്ങും. 5 റൊട്ടി നിർഭയ്ക്കും 3 എണ്ണം എനിക്കും. ഇടക്ക് മുഗളായ് ബിരിയാണിയും ഹൈദരാബാദി
ബിരിയാണിയും കഴിച്ചു. നിർഭയ് മറ്റൊരോഫീസിലേക്ക് സ്ഥലം മാറി പോകുന്നത് വരെ അത്താഴം പങ്കുവെക്കൽ
തുടർന്നു. അരിയാഹാരം കഴിക്കുന്ന തനി മലയാളിയിൽ നിന്നും തന്തൂരി റൊട്ടി കഴിക്കുന്ന പ്രവാസി
മലയാളിയിലേക്കുള്ള വേഷപ്പകർച്ച ഇന്നും ഒരു വിസ്മയമായി അവശേഷിക്കുന്നു.


No comments:
Post a Comment