About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Tuesday, November 4, 2025

ജുലെനയിലെ നവദമ്പതികൾ



ഡൽഹിയെക്കുറിച്ചെഴുതുമ്പോഴൊക്കെ അറിയാതെ കടന്നു വരുന്ന പേരാണ് അനീസിന്റെത്. അദ്ദേഹത്തെ പരിചയപ്പെടുന്നത് SIO നേതാവും പ്രസ് അക്കാദമിയിൽ എന്റെ സഹപാഠിയുമായിരുന്ന സാദിക്ക് മമ്പാട് വഴിയാണ്. ഡൽഹിയിൽ ജോലി കിട്ടി പോകുന്ന വിവരം പറഞ്ഞപ്പോൾ അവിടെ ജാമിയ മിലിയ സർവകലാശാലയിൽ ഒരു പരിചയക്കാരനുണ്ടെന്നും വേണ്ട സഹായം ചെയ്യുമെന്നും പറഞ്ഞാണ് സാദിക്ക് അനീസിന്റെ നമ്പർ തന്നത്. സരായ് ജുലെനയിൽ എത്തിയപാടെ അനീസിന്റെ നമ്പർ ഡയൽ ചെയ്തു. കാമ്പസിലാണെന്നും വൈകിട്ട് കാണാമെന്നും മറുപടി കിട്ടി. തമ്പി ചേട്ടന്റെ കേരള ഹോട്ടലിനു മുൻപിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അനീസ് റൂമിലേക്ക് ക്ഷണിക്കുകയും സഹവാസിയായ സമീർ ബാബുവിനെ പരിചയപ്പെടുത്തുകയും ചെയ്‌തു. സരായ് ജുലെനയിൽ താമസസ്ഥലം ശരിയാക്കി തരാമെന്ന് ഇരുവരും ഉറപ്പ് നൽകി. പറഞ്ഞതുപോലെ സത്യപ്രകാശ് ശർമ്മയുടെ കെട്ടിടത്തിൽ സമീർ ബാബു റൂം തരപ്പെടുത്തി. 

താമസിയാതെ ഞാൻ അനീസിന്റെ റൂമിലെ ഒരു നിത്യസന്ദർശകനായി മാറി. എപ്പോൾ ചെന്നാലും കട്ടൻ ചായ കിട്ടും. ജാമിയ മിലിയയിൽ പഠിക്കുന്ന മലയാളികളിൽ ഒട്ടുമിക്കവരെയും അനീസ് വഴിയാണ് പരിചയപ്പെട്ടത്. അവധിദിവസങ്ങളിൽ അനീസിന്റെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ റൂമിൽ ബിരിയാണി കഴിക്കാൻ പോയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരനല്ലാതിരുന്നിട്ടും അനീസിന്റെ ക്ഷണപ്രകാരം പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അനീസും സുഹൃത്തുക്കളും ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ എന്റെ റൂമിലെത്തിയത് നാട്ടിൽ ക്രിക്കറ്റ് മത്സരം കാണുന്ന ആൾക്കൂട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ചു. അങ്ങനെയിരിക്കെ ഒരവധിദിവസം ഞാൻ അനീസിന്റെ റൂമിലെത്തിയപ്പോൾ കാണുന്നത് ഒരുപ്പയെയും മകളെയുമാണ്. സ്റ്റെയർകേസ് ഇറങ്ങിവന്ന അനീസാണ് അവരെ പരിചയപ്പെടുത്തിയത്. നാട്ടിൽ നിന്നും ജാമിയയിൽ അഡ്മിഷൻ എടുക്കാൻ വന്ന റാബിയയും ഉപ്പയും ആയിരുന്നത്. പക്ഷെ റാബിയക്ക് താമസിക്കാൻ  സ്വന്തം റൂം ഒഴിഞ്ഞുകൊടുത്ത അനീസിന്റെ വിശാലമനസ്കത എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പിൽക്കാലത്ത് അനീസിന്റെയും റാബിയയുടെയും നിക്കാഹ് കഴിഞ്ഞ വാർത്ത അറിഞ്ഞപ്പോഴാണ് കാര്യങ്ങൾ തിരിഞ്ഞത്. 

നവദമ്പതികൾ സരായ് ജുലെനയിലും ജാമിയ നഗറിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. സാഗർ അപ്പാർട്മെന്റിലേക്ക് താമസം മാറിയ നവദമ്പതികൾക്ക് ആശംസയറിയിക്കാൻ ഞാനും ഫാസിലുമൊന്നിച്ചാണ്‌ പോയത്. നവവധുവാണ് കട്ടൻ ചായ തയാറാക്കി വിരുന്നുകാരെ സ്വീകരിച്ചത്. അനീസും റാബിയയും വീട്ടിൽ ചിരപരിചിതരായിരുന്നു. ഒരിക്കൽ ലീവിന് നാട്ടിൽ വന്നിട്ട് പോകുമ്പോൾ നവദമ്പതികൾക്ക് കൊടുക്കാൻ പ്രത്യേകം പലഹാരങ്ങൾ തന്ന് വിട്ടിരുന്നു. നാട്ടിൽ മലയാളം ചാനലുകളിൽ ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുന്നതിനിടെയാണ് മീഡിയ വൺ ചാനൽ തുടങ്ങുന്ന വിവരമറിഞ്ഞത്. അനീസ് മുൻകയ്യെടുത്ത് മീഡിയ വണ്ണിൽ എൻട്രി തരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ പ്രതീക്ഷ അസ്ഥാനത്തായി. താമസിയാതെ അനീസും റാബിയയും തൊട്ടടുത്ത കെട്ടിടത്തിൽ അഞ്ജുവിന്റെയും ശിവയുടെയും അയൽക്കാരായി താമസം തുടങ്ങി. ഇടക്കൊരു ദിവസം പെരുന്നാളിന് എന്നെ വിളിച്ചു ബിരിയാണി തന്നു. ജാമിയയിലും ജെ എൻ യു വിലുമായി പഠനം പൂർത്തിയാക്കി ഇരുവരും കേരളത്തിലേക്ക് മടങ്ങി. മാധ്യമത്തിൽ ജോലി കിട്ടിയ ഞാനും വൈകാതെ  കേരളത്തിലെത്തി. എന്തുകൊണ്ടോ തമ്മിൽ കാണാൻ കഴിഞ്ഞില്ല. 

ഡൽഹിയിലേക്കുള്ള എന്റെ രണ്ടാം വരവിൽ അനീസിനെ വല്ലാതെ മിസ് ചെയ്തു. ഫാസിൽ പറഞ്ഞാണ് അനീസ് അബുദാബിയിൽ ഷെയ്ഖ് ആയ വിവരം അറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ഡൽഹിയോട് വിടപറഞ്ഞു നാട്ടിൽ തിരിച്ചെത്തി 'My दिल्ली Decade' എന്ന ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ അനീസുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. വാട്സാപ്പ് വഴി വിശേഷങ്ങളൊക്കെ പങ്കുവച്ചു. റാബിയ 'My दिल्ली Decade' നെക്കുറിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പഴയ സൗഹൃദം പൊടിതട്ടിയെടുത്തു. പിന്നീട് ഡൽഹി കഥകൾ LinkedIn ൽ പബ്ലിഷ് ചെയ്തപ്പോൾ അനീസിനെ ആ പ്ലാറ്റ്ഫോമിൽ കണ്ടെത്താനുള്ള ശ്രമമായി. ഒടുവിൽ അടുത്തിടെയാണ് എത്തിക്കൽ ഹാക്കേഴ്‌സിനെപ്പോലും കബളിപ്പിച്ചുകൊണ്ട് കാണാമറയത്തായിരുന്ന അദ്ദേഹത്തെ കണ്ടെത്തുന്നത്. Aneesudheen KT എന്ന എസ്എസ്എൽസി ബുക്കിലും ഫേസ്ബുക്കിലും കൊടുത്തിരിക്കുന്ന സ്പെല്ലിങ് Anisudheen KT എന്നാക്കിയാണ് അദ്ദേഹം സെർച്ച് എഞ്ചിനെ ഇത്രയും നാൾ വഴി തെറ്റിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിലും അനീസും റാബിയയും ഇല്ലാത്ത ഡൽഹി കഥകൾ ചുക്കില്ലാത്ത കഷായം പോലെയാണ്.

No comments: