ഡിഗ്രി കഴിഞ്ഞ സമയത്താണ് വീട്ടിൽ കേബിൾ കണക്ഷൻ എടുക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ മാത്രമേ അക്കാലത്ത് ദൂരദർശൻ തത്സമയ സംപ്രേഷണം ചെയ്തിരുന്നുള്ളു. ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനം കാണാൻ കേബിൾ കണക്ഷനുള്ള സമീപത്തെ വീടുകളെയും ഇലക്ട്രോണിക്സ് കടകളെയും ആശ്രയിക്കുക എന്നതായിരുന്നു ഏക മാർഗ്ഗം. രാവിലെ പത്രത്തിലെ സ്പോർട്സ് പേജിൽ നിന്നും ഏത് ചാനലിലാണ് ലൈവ് എന്ന് നോക്കുമ്പോൾ മുതൽ മത്സരം കാണാൻ പറ്റുമോ എന്ന ആശങ്കയാണ്. അക്കാലത്ത് സ്ഥിരമായി ക്രിക്കറ്റ് മത്സരം കാണാൻ പോയിരുന്നത് ഞവരൂർ St George സ്കൂളിനടുത്ത് താമസിച്ചിരുന്ന ഷാജി കൊച്ചാപ്പയുടെ വീട്ടിലാണ്. അയൽവീട്ടിലെ മഹ്മൂദും മുബാറക്കുമുൾപ്പെടെയുള്ള സംഘം വിശാലമായ ഹാളിൽ ആദ്യ പന്തെറിയും മുൻപേ ഇടം പിടിക്കും. കൊച്ചാപ്പയും മകൻ ഷാനും കൂടെ കൂടും. സച്ചിൻ ടെണ്ടുൽക്കറുടെ വിഖ്യാതമായ ഷാർജയിലെ 'ഡെസേർട്ട് സ്റ്റോം' അവിടെയിരുന്ന് ആർപ്പുവിളികളോടെയാണ് കണ്ടത്. ഷെയ്ൻ വോൺ, ഡാമിയൻ ഫ്ലെമിംഗ്, മൈക്കൽ കാസ്പ്രോവിച്ച് എന്നിവരടങ്ങുന്ന ഓസ്ട്രേലിയയുടെ ലോകോത്തര ബൗളിംഗ് നിരയെ മാസ്റ്റർ ബ്ലാസ്റ്റർ അടിച്ചു പറത്തുന്നത് ഇപ്പോഴും ഇടക്ക് യൂട്യൂബിൽ കാണാറുണ്ട്.
ചാത്തന്നൂർ പോസ്റ്റോഫീസിനടുത്ത് പ്രവർത്തിച്ചിരുന്ന 'മാരുതി ഇലക്ട്രോണിക്സ്' ആയിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മറ്റൊരിടത്താവളം. ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് കൊടുത്തിരുന്ന നിസാമിനെ സ്വാധീനിച്ചു കസ്റ്റമറിന് കൊടുക്കാൻ റെഡിയാക്കിവച്ചിരിക്കുന്ന ടിവിയിൽ സ്പോർട്സ് ചാനൽ ട്യൂൺ ചെയ്യും. കണ്ണാടിവാതിലിലൂടെ പുറത്തുനിൽക്കുന്നവർക്ക് കാണാൻ പാകത്തിന് വയ്ക്കും. സ്ഥിരം കാഴ്ചക്കാരോടൊപ്പം വഴിയാത്രക്കാരും കൂടുമ്പോൾ ചെറിയൊരു ആൾക്കൂട്ടം തന്നെ കാണും. തൊട്ടടുത്ത് സ്റ്റേഷനറി കട നടത്തുന്ന അയൂബ് കാക്കയുടെ വക കമന്ററിയും ഉണ്ടാകും. റോബിൻ സിങിന്റെ കൂറ്റൻ സിക്സറുകൾ ഓർമയുടെ കവർപേജിൽ ഇപ്പോഴും കാണാം.
'മാരുതി ഇലക്ട്രോണിക്സ്' അടച്ചിരിക്കുന്ന ദിവസങ്ങളിൽ അടുത്തുള്ള 'മുണ്ടക്കൽ മെഡിക്കൽസ്' ഉടമ രവി അണ്ണനെ ചാക്കിട്ട് അവിടെയുള്ള 14 ഇഞ്ച് ടിവിയിൽ മത്സരം കാണാനുള്ള വേദിയൊരുക്കും. ദക്ഷിണാഫ്രിക്കക്കെതിരെ അലൻ ഡൊണാൾഡിന്റെയും ഷോൺ പൊള്ളോക്കിന്റെയും തീപാറുന്ന പന്തുകൾക്കുമുൻപിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമ്പോൾ കടയിൽ ഒരു മരണവീടിന്റെ അന്തരീക്ഷമായിരുന്നു. മഹ്മൂദിന്റെ വീട്ടിൽ കേബിൾ കണക്ഷൻ വന്നതോടെ അവിടുത്തെ സുപ്ര ടിവിക്കു മുൻപിൽ കാഴ്ചക്കാരുടെ എണ്ണം കൂടി. തിങ്ങി നിറഞ്ഞ ഒരു സ്റ്റേഡിയത്തിന്റെ പ്രതീതിയാണെങ്കിലും സബീദ താത്ത എനിക്കൊരു കസേരയും ചായയും തരപ്പെടുത്തിതരും. കൊല്ലം ഫാത്തിമ കോളേജിൽ പഠിക്കുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് സുഹൃത്തുക്കളോടൊപ്പം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ സച്ചിൻ-മുരളീധരൻ പോരാട്ടം കാണാൻ ആഘോഷമായിട്ടാണ് പോയത്.
ന്യൂസിലാൻഡിനെതിരെ വീരേന്ദർ സെവാഗ് 69 പന്തിൽ കന്നി ഏകദിന സെഞ്ച്വറി നേടുമ്പോൾ വട്ടപ്പടയിലെ ചായക്കടയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിക്കു മുൻപിൽ ഞാനും കാഴ്ചക്കാരനായുണ്ടായിരുന്നു. ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വി.വി.എസ് ലക്ഷ്മണിന്റെ 'വെരി വെരി സ്പെഷ്യൽ' ഇന്നിങ്സുകൾ പുനലൂർ ചന്തമുക്കിലെ ഇലക്ട്രോണിക്സ് കടക്ക് മുൻപിൽ നിന്നാണ് കണ്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് കുഞ്ഞുമ്മയും കൊച്ചാപ്പയും ചാത്തന്നൂരിൽ 'Beeline Home Appliances' തുടങ്ങിയതോടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും കറങ്ങുന്ന കസേരയിലിരുന്ന് ക്രിക്കറ്റ് മത്സരങ്ങൾ ആസ്വദിക്കാൻ തുടങ്ങി. പിൽക്കാലത്ത് ഡൽഹിയിൽ സ്പോർട്സ് ജേർണലിസ്റ്റായപ്പോൾ ക്രിക്കറ്റ് മത്സരങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ ഭാഗ്യമുണ്ടായി. ലൈവ് സ്കോർ മൊബൈലിൽ തെളിയുന്ന ഡിജിറ്റൽ യുഗത്തിൽ കേബിൾ കണക്ഷനുള്ള വീടുകളിലും ഇലക്ട്രോണിക്സ് കടകൾക്ക് മുൻപിലും ക്രിക്കറ്റ് മത്സരം കാണാനെത്തിയിരുന്ന ആൾക്കൂട്ടം ഗൃഹാതുരത്വമുണർത്തുന്ന ഓർമയാണ്.
No comments:
Post a Comment