ഇക്കായെ കാണാൻ ഒരു സുഹൃത്ത് വന്നിട്ടുണ്ട് എന്ന് ഭാര്യ വന്നു പറഞ്ഞപ്പോഴാണ് വീടിനു പുറത്തേക്കിറങ്ങിയത്. വന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ബാല്യകാലസുഹൃത്ത് അനസും കുടുംബവും. എന്നെ മനസ്സിലായോ എന്ന അവന്റെ ചോദ്യം മൂന്ന് പതിറ്റാണ്ടു മുൻപത്തെ മിഴിവൊട്ടും മങ്ങാത്ത ഓർമകളിലേക്ക് കൈപിടിച്ചു. അയൽവീട്ടിലെ കളിക്കൂട്ടുകാരായ മഹ്മൂദിന്റെയും മുബാറക്കിന്റെയും നിഴൽ പോലെ എപ്പോഴും കാണുമായിരുന്ന അവരുടെ ഗഫൂർ കൊച്ചാപ്പയുടെ മകൻ അനസ്. അയൽവീട്ടിലെ പുരയിടത്തിലെ ക്രിക്കറ്റ് കളിയും ഒടിഞ്ഞ വാഴകളും കൊച്ചാക്കയുടെ അലർച്ചയും പൊട്ടിയ ജനൽച്ചില്ലും അമ്പിളി ഇത്തയുടെയും മീന ഇത്തയുടെയും നിർദ്ദേശപ്രകാരം ഒളിവിൽ പോയ ഞാനും - ഓർമകളുടെ കുന്നിറക്കമായിരുന്നു അനസുമായുള്ള കൂടിക്കാഴ്ച്ച.
തിരുമുക്കിൽ തടിമില്ല് നടത്തിയിരുന്ന അനസിന്റെ വാപ്പ ഗഫൂർ കാക്കയുടെ അകാല വിയോഗത്തിനുപിന്നാലെയാണ് അനസും കുടുംബവും ചാത്തന്നൂരിൽ നിന്നും താമസം മാറി പോകുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പോകുന്ന ഗഫൂർ കാക്കയും ചുറുചുറുക്കോടെ മദ്രസയിലേക്ക് വരുന്ന അനസും സഹോദരി അൻസിയുമൊക്കെ ഓർമച്ചിത്രങ്ങളിലുണ്ട്.
പ്രവാസ ജീവിതത്തെക്കുറിച്ചും ഷാർജയിലെ ക്രിക്കറ്റ് കളിയെക്കുറിച്ചുമൊക്കെ അനസ് വാചാലനായി. കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അവന്റെ ഇളയ സഹോദരി അസീനയെ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ഭാര്യയുടെ അടുത്ത ബന്ധുവും അയൽക്കാരനുമായ ജാഫറാണെന്നറിയുന്നത്. അതോടെ എന്നേക്കാൾ സന്തോഷം ഭാര്യക്കായി. 27 വർഷങ്ങൾക്കിപ്പുറവും ഒറ്റനോട്ടത്തിൽ അനസിനെ തിരിച്ചറിയാൻ പറ്റി. ഞാൻ മുടിയൊക്കെ പോയി നരച്ചിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. അവനും നര കയറിയിട്ടുണ്ട്. ജരാനരകൾ ബാധിക്കാത്ത ഓർമകൾക്കിപ്പോഴും ചെറുപ്പമാണ്.
No comments:
Post a Comment