About Me

My photo
Former Documentation Specialist at Suchitwa Mission, Thiruvananthapuram. Previously worked with Mathrubhumi International Festival of Letters (Thiruvananthapuram), Ministry of Information & Broadcasting (New Delhi), Doordarshan News (New Delhi), Royal Arrow Electromechanical LLC (Dubai), e-Triage Educational Support Services (Dubai), The New Indian Express, Madhyamam and Kerala Kaumudi.

Saturday, September 27, 2025

കൊടിയേറിയ ഉത്സവങ്ങളും കൊടിയിറങ്ങാത്ത ഓർമകളും


ഡൽഹിയിലെ ഒരു പതിറ്റാണ്ട് നീണ്ട ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ 'മിസ്സ്' ചെയ്‍തത് എന്താണെന്ന് ചോദിച്ചാൽ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെയും ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെയും ഉത്സവങ്ങളാണെന്നാകും എന്റെ ഉത്തരം. ചാത്തന്നൂർ വിമല സ്കൂളിൽ പഠിക്കുമ്പോൾ കുടുംബ വീട്ടിലായിരുന്നു താമസം. കുടുംബ വീടിന്റെ ഒരു മതിൽ അപ്പുറമാണ് കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രം. അവിടത്തെ സുപ്രഭാത കീർത്തനം കേട്ടാണ് മിക്കപ്പോഴും ഉറക്കമുണർന്നിരുന്നത്.

മകരഭരണി മഹോത്സവം കൊടിയേറുന്നതിന് മുന്നോടിയായി ക്ഷേത്ര ഭാരവാഹികൾ വീട്ടിൽ ഉത്സവ പിരിവിനു വരാറുണ്ട്. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഉപ്പൂപ്പ കുശലാന്വേഷണത്തിനു ശേഷം ക്യാഷ് കൊടുത്തു രസീത് കൈപ്പറ്റും. പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ കാര്യപരിപാടികൾ അടങ്ങിയ നോട്ടീസും രസീതിനോടൊപ്പമുണ്ടാകും. മനസ്സിൽ അപ്പോഴേക്കും ഉത്സവം കൊടിയേറിയിട്ടുണ്ടാകും. ഉത്സവത്തിന്റെ സമാപന ദിവസം കസിൻസൊക്കെ വരും. കുട്ടികൾക്കൊക്കെ ഉപ്പുപ്പയുടെ വക ഉത്സവ പങ്ക് കിട്ടും. അമ്മാവന്മാരുടെ വകയായി ബലൂൺ, കരിമ്പ്, വറുത്ത കടല, ഈന്തപ്പഴം എന്നിവയുണ്ടാകും. ദീപാലംകൃതമായ ക്ഷേത്രത്തിലേക്കുള്ള നടപ്പാത വഴിവാണിഭക്കാര്‍ നേരത്തെ കയ്യടക്കിയിട്ടുണ്ടാകും.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തിരുമുക്കിലെ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഉത്സവ ദിവസം കൃത്യമായി കുടുംബവീട്ടിലെത്തും. പെരുന്നാളിന് ഒത്തുകൂടുന്ന പോലെ ബന്ധുക്കളൊക്കെയുണ്ടാകും. കുടുംബവീടിന്റെ ഗേറ്റിനു മുൻപിൽ നിന്നാൽ ദീപാരാധന തൊഴാൻ അമ്പലത്തിൽ പോകുന്നവരെ കാണാം. റോഡിനു എതിർ വശത്തു ഗജവീരൻമാർ അണിനിരക്കും, പിന്നെ നിശ്ചലദൃശ്യങ്ങൾ, പാണ്ടിമേളം, ശിങ്കാരിമേളം. മേളപ്പെരുക്കത്തിന്റെ താളം കാതിൽ ഇപ്പോഴും അലയടിക്കുന്നുണ്ട്. മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയിസിന്റെ ഗാനമേള കേൾക്കാനും കെ. ആർ പ്രസാദിന്റെ നാടകം കാണാനും സമീപപ്രദേശങ്ങളിൽ നിന്നൊക്കെ പുരുഷാരമെത്തും.

പ്രീഡിഗ്രി പഠനകാലത്താണ് ചാത്തന്നൂരിലെ ശ്രീ ഭൂതനാഥ ക്ഷേത്ര ഉത്സവം കാണാൻ പോയിത്തുടങ്ങുന്നത്. ക്ഷേത്രസന്നിധിയിലെ സമൂഹസദ്യയിൽ എല്ലാ ദേശവാസികൾക്കും പങ്കെടുക്കാം. രാത്രി 9 മണിക്കുള്ള ഗാനമേള കേൾക്കാൻ മിക്കവാറും അയൽവീട്ടിലെ കളിക്കൂട്ടുകാരായ മഹ്മൂദും മുബാറക്കുമൊത്താണ് പോകാറ്. ഒരിക്കൽ ഗാനമേള കഴിഞ്ഞു അർധരാത്രി ഷിബു ഖാന്റെ കാവാസാക്കി ബൈക്കിൽ നാൽവർ സംഘം തിരികെ വരുന്ന ചിത്രം ഓർമപുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ കാണാം. ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തിന്റെ സമാപന ദിവസം വൈകിട്ട് ആറാട്ട് ഘോഷയാത്രയുണ്ടാകും. തെക്കൻ കേരളത്തിലെ പ്രസിദ്ധമായ നെടും കുതിരയെടുപ്പ് കാണാൻ സമീപ ജില്ലകളിൽ നിന്നുള്ള ഭക്തരുൾപ്പെടുന്ന ജനസഞ്ചയം ഒഴുകിയെത്തും. ദീപാലംകൃതമായ ക്ഷേത്രത്തിന്റെ ആകാശദൃശ്യം നയനമനോഹരമായ കാഴ്ചയാണ്.

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉത്സവത്തോട് അനുബന്ധിച്ചുള്ള അറുപതോളം ഗജവീരന്മാർ അണിനിരന്ന ഗജമേള കാണാൻ കൊട്ടിയത്ത് പോയതും ആന വിരണ്ടപ്പോൾ ഒരു ലോറിയിൽ കയറി പറക്കുളത്ത് ഇറങ്ങിയതും രസകരമായ ഓർമയാണ്. പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാ ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് പോയപ്പോഴാണ് ആലപ്പുഴ ഭീമാ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള കേൾക്കുന്നത്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഒരിക്കൽ പോയിട്ടുണ്ട്. പത്തനംതിട്ട സാരംഗിന്റെ ഗാനമേള ആസ്വദിച്ചു തിരികെപ്പോന്നു. പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് പലപ്രാവശ്യം പോയിട്ടുണ്ട്. പത്തുവർഷത്തിനു ശേഷം ഇത്തവണ ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ചിരപരിചിതമായ വഴിയിലൂടെ നടക്കുമ്പോൾ ഓർമകളുടെ പിൻവിളി കേട്ടു. ജനക്കൂട്ടത്തിൽ ലയിക്കുമ്പോഴേക്കും ഗാനമേള തുടങ്ങിക്കഴിഞ്ഞിരുന്നു.



Tuesday, September 23, 2025

ഒരു ക്രിക്കറ്റ് മാനിയാക്കിന്റെ സഞ്ചാരപഥങ്ങൾ

 

ഡിഗ്രി കഴിഞ്ഞ സമയത്താണ് വീട്ടിൽ കേബിൾ കണക്ഷൻ എടുക്കുന്നത്. അതുവരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾ കാണാൻ കേബിൾ കണക്ഷനുള്ള സമീപത്തെ വീടുകളെയും ഇലക്ട്രോണിക്സ് കടകളെയുമായിരുന്നു ആശ്രയിച്ചിരുന്നത്. രാവിലെ പത്രത്തിലെ സ്പോർട്സ് പേജിൽ നിന്നും ഏത് ചാനലിലാണ് ലൈവ് എന്ന് നോക്കുമ്പോൾ മുതൽ മത്സരം കാണാൻ പറ്റുമോ എന്ന ആശങ്കയാണ്. അക്കാലത്ത് സ്ഥിരമായി ക്രിക്കറ്റ് മത്സരം കാണാൻ പോയിരുന്നത് ഞവരൂർ St George സ്കൂളിനടുത്ത് താമസിച്ചിരുന്ന ഷാജി കൊച്ചാപ്പയുടെ വീട്ടിലാണ്. അയൽവീട്ടിലെ മഹ്മൂദും മുബാറക്കുമുൾപ്പെടെയുള്ള സംഘം വിശാലമായ ഹാളിൽ ആദ്യ പന്തെറിയും മുൻപേ ഇടം പിടിക്കും. കൊച്ചാപ്പയും മകൻ ഷാനും കൂടെ കൂടും. സച്ചിൻ ടെണ്ടുൽക്കറുടെ വിഖ്യാതമായ ഷാർജയിലെ 'ഡെസേർട്ട് സ്റ്റോം' അവിടെയിരുന്ന് ആർപ്പുവിളികളോടെയാണ് കണ്ടത്. ഷെയ്ൻ വോൺ, ഡാമിയൻ ഫ്ലെമിംഗ്, മൈക്കൽ കാസ്പ്രോവിച്ച് എന്നിവരടങ്ങുന്ന ഓസ്ട്രേലിയയുടെ ലോകോത്തര ബൗളിംഗ് നിരയെ മാസ്റ്റർ ബ്ലാസ്റ്റർ അടിച്ചു പറത്തുന്നത് ഇപ്പോഴും ഇടക്ക് യൂട്യൂബിൽ കാണാറുണ്ട്.

ചാത്തന്നൂർ പോസ്റ്റോഫീസിനടുത്ത് പ്രവർത്തിച്ചിരുന്ന 'മാരുതി ഇലക്ട്രോണിക്സ്' ആയിരുന്നു ക്രിക്കറ്റ് പ്രേമികളുടെ മറ്റൊരിടത്താവളം. ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് കൊടുത്തിരുന്ന നിസാമിനെ സ്വാധീനിച്ചു കസ്റ്റമറിന് കൊടുക്കാൻ റെഡിയാക്കിവച്ചിരിക്കുന്ന ടിവിയിൽ സ്പോർട്സ് ചാനൽ ട്യൂൺ ചെയ്യും. കണ്ണാടിവാതിലിലൂടെ പുറത്തുനിൽക്കുന്നവർക്ക് കാണാൻ പാകത്തിന് വയ്ക്കും. സ്ഥിരം കാഴ്ചക്കാരോടൊപ്പം വഴിയാത്രക്കാരും കൂടുമ്പോൾ ചെറിയൊരു ആൾക്കൂട്ടം തന്നെ കാണും. തൊട്ടടുത്ത് സ്റ്റേഷനറി കട നടത്തുന്ന അയൂബ് കാക്കയുടെ വക കമന്ററിയും ഉണ്ടാകും. റോബിൻ സിങിന്റെ കൂറ്റൻ സിക്സറുകൾ ഓർമയുടെ കവർപേജിൽ ഇപ്പോഴും കാണാം.

'മാരുതി ഇലക്ട്രോണിക്സ്' അടച്ചിരിക്കുന്ന ദിവസങ്ങളിൽ അടുത്തുള്ള 'മുണ്ടക്കൽ മെഡിക്കൽസ്' ഉടമ രവി അണ്ണനെ ചാക്കിട്ട് അവിടെയുള്ള 14 ഇഞ്ച് ടിവിയിൽ മത്സരം കാണാനുള്ള വേദിയൊരുക്കും. ദക്ഷിണാഫ്രിക്കക്കെതിരെ അലൻ ഡൊണാൾഡിന്റെയും ഷോൺ പൊള്ളോക്കിന്റെയും തീപാറുന്ന പന്തുകൾക്കുമുൻപിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുമ്പോൾ കടയിൽ ഒരു മരണവീടിന്റെ അന്തരീക്ഷമായിരുന്നു. മഹ്മൂദിന്റെ വീട്ടിൽ കേബിൾ കണക്ഷൻ വന്നതോടെ അവിടുത്തെ സുപ്ര ടിവിക്കു മുൻപിൽ കാഴ്ചക്കാരുടെ എണ്ണം കൂടി. തിങ്ങി നിറഞ്ഞ ഒരു സ്റ്റേഡിയത്തിന്റെ പ്രതീതിയാണെങ്കിലും സബീദ താത്ത എനിക്കൊരു കസേരയും ചായയും തരപ്പെടുത്തിതരും. കൊല്ലം ഫാത്തിമ കോളേജിൽ പഠിക്കുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് സുഹൃത്തുക്കളോടൊപ്പം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ സച്ചിൻ-മുരളീധരൻ പോരാട്ടം കാണാൻ ആഘോഷമായിട്ടാണ് പോയത്.

ന്യൂസിലാൻഡിനെതിരെ വീരേന്ദർ സെവാഗ് 69 പന്തിൽ കന്നി ഏകദിന സെഞ്ച്വറി നേടുമ്പോൾ വട്ടപ്പടയിലെ ചായക്കടയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിക്കു മുൻപിൽ ഞാനും കാഴ്ചക്കാരനായുണ്ടായിരുന്നു. ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വി.വി.എസ് ലക്ഷ്മണിന്റെ 'വെരി വെരി സ്പെഷ്യൽ' ഇന്നിങ്സുകൾ പുനലൂർ ചന്തമുക്കിലെ ഇലക്ട്രോണിക്സ് കടക്ക് മുൻപിൽ നിന്നാണ് കണ്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് കുഞ്ഞുമ്മയും കൊച്ചാപ്പയും ചാത്തന്നൂരിൽ 'Beeline Home Appliances' തുടങ്ങിയതോടെ ആൾക്കൂട്ടത്തിനിടയിൽ നിന്നും കറങ്ങുന്ന കസേരയിലിരുന്ന് ക്രിക്കറ്റ് മത്സരങ്ങൾ ആസ്വദിക്കാൻ തുടങ്ങി. പിൽക്കാലത്ത് ഡൽഹിയിൽ സ്പോർട്സ് ജേർണലിസ്റ്റായപ്പോൾ ക്രിക്കറ്റ് മത്സരങ്ങളുടെ റിപ്പോർട്ട് തയാറാക്കാൻ ഭാഗ്യമുണ്ടായി. ലൈവ് സ്കോർ മൊബൈലിൽ തെളിയുന്ന ഡിജിറ്റൽ യുഗത്തിൽ കേബിൾ കണക്ഷനുള്ള വീടുകളിലും ഇലക്ട്രോണിക്സ് കടകൾക്ക് മുൻപിലും ക്രിക്കറ്റ് മത്സരം കാണാനെത്തിയിരുന്ന ആൾക്കൂട്ടം ഗൃഹാതുരത്വമുണർത്തുന്ന ഓർമയാണ്.


Monday, September 22, 2025

ഓർമകളുടെ കുന്നിറക്കം



ഇക്കായെ കാണാൻ ഒരു സുഹൃത്ത് വന്നിട്ടുണ്ട് എന്ന് ഭാര്യ വന്നു പറഞ്ഞപ്പോഴാണ് വീടിനു പുറത്തേക്കിറങ്ങിയത്. വന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. ബാല്യകാലസുഹൃത്ത് അനസും കുടുംബവും. എന്നെ മനസ്സിലായോ എന്ന അവന്റെ ചോദ്യം മൂന്ന് പതിറ്റാണ്ടു മുൻപത്തെ മിഴിവൊട്ടും മങ്ങാത്ത ഓർമകളിലേക്ക് കൈപിടിച്ചു. അയൽവീട്ടിലെ കളിക്കൂട്ടുകാരായ മഹ്മൂദിന്റെയും മുബാറക്കിന്റെയും നിഴൽ പോലെ എപ്പോഴും കാണുമായിരുന്ന അവരുടെ ഗഫൂർ കൊച്ചാപ്പയുടെ മകൻ അനസ്. അയൽവീട്ടിലെ പുരയിടത്തിലെ ക്രിക്കറ്റ് കളിയും ഒടിഞ്ഞ വാഴകളും കൊച്ചാക്കയുടെ അലർച്ചയും പൊട്ടിയ ജനൽച്ചില്ലും അമ്പിളി ഇത്തയുടെയും മീന ഇത്തയുടെയും നിർദ്ദേശപ്രകാരം ഒളിവിൽ പോയ ഞാനും - ഓർമകളുടെ കുന്നിറക്കമായിരുന്നു അനസുമായുള്ള കൂടിക്കാഴ്ച്ച. 

തിരുമുക്കിൽ തടിമില്ല് നടത്തിയിരുന്ന അനസിന്റെ വാപ്പ ഗഫൂർ കാക്കയുടെ അകാല വിയോഗത്തിനുപിന്നാലെയാണ് അനസും കുടുംബവും ചാത്തന്നൂരിൽ നിന്നും താമസം മാറി പോകുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പോകുന്ന ഗഫൂർ കാക്കയും ചുറുചുറുക്കോടെ മദ്രസയിലേക്ക് വരുന്ന അനസും സഹോദരി അൻസിയുമൊക്കെ  ഓർമച്ചിത്രങ്ങളിലുണ്ട്. 

പ്രവാസ ജീവിതത്തെക്കുറിച്ചും ഷാർജയിലെ ക്രിക്കറ്റ് കളിയെക്കുറിച്ചുമൊക്കെ അനസ് വാചാലനായി. കുടുംബത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അവന്റെ ഇളയ സഹോദരി അസീനയെ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ഭാര്യയുടെ അടുത്ത ബന്ധുവും അയൽക്കാരനുമായ ജാഫറാണെന്നറിയുന്നത്. അതോടെ എന്നേക്കാൾ സന്തോഷം ഭാര്യക്കായി. 27 വർഷങ്ങൾക്കിപ്പുറവും ഒറ്റനോട്ടത്തിൽ അനസിനെ തിരിച്ചറിയാൻ പറ്റി. ഞാൻ മുടിയൊക്കെ പോയി നരച്ചിട്ടുണ്ടെന്നാണ് അവൻ പറഞ്ഞത്. അവനും നര കയറിയിട്ടുണ്ട്. ജരാനരകൾ ബാധിക്കാത്ത ഓർമകൾക്കിപ്പോഴും ചെറുപ്പമാണ്.