പതിമൂന്നു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2009 ഏപ്രിൽ 10 നു കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്പ്രെസ്സിൽ ഡൽഹിയിലേക്ക് പുറപ്പെടുമ്പോൾ മാതൃഭൂമിയിലെ ഒ ആർ രാമചന്ദ്രൻ സാറിനെപോലെ അറിയപ്പെടുന്ന ഒരു സ്പോർട്സ് ജേർണലിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം. പ്രസ് അക്കാദമിയിലെ ജേർണലിസം കോഴ്സിന് ശേഷം നാട്ടിൽ ജോലി അന്വേഷിച്ചു ചെരുപ്പ് തേഞ്ഞപ്പോഴാണ് കേരളത്തിന് പുറത്തു ജോലിക്കു ശ്രമികുന്നതും ഡൽഹി ദൂരദർശൻ ന്യൂസിൽ എത്തിപെടുന്നതും. വിഷ്വല് മീഡിയയും ഡൽഹിയിലെ ജീവിതവും വെല്ലുവിളികൾ നിറഞ്ഞതാണെന്ന് താമസിയാതെ മനസിലായി.
ഡൽഹിയിൽ ജാമിയ മിലിയ സർവ്വകലാശാലക്കടുത്തുള്ള സരായ് ജുലെനയിലാണ് താമസം ശരിയായത്. സ്കൂളിൽ എന്റെ സീനിയറായിരുന്ന രമേശ് അവിടെ നോക്കിയ സർവീസ് സെന്ററിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് അവിടെയുള്ള മലയാളികളെ ഒക്കെ പരിചയപെടുത്തിയത്. സരായ് ജുലെന ഒരു കൊച്ചു കേരളമാണെന്നു വേണമെങ്കിൽ പറയാം. തമ്പി ചേട്ടന്റെ കേരള ഹോട്ടൽ, അലി ഇക്കയുടെ മലബാർ ഹോട്ടൽ, ജോബി ചേട്ടന്റെ സ്റ്റേഷനറി കട, പിന്നെ എംബസി ഉദ്യോഗസ്‌ഥർ ചമഞ്ഞു മലയാളി നഴ്സുമാരുടെ പ്രവാസ സ്വപ്നങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന അനേകം ട്രാവൽ ഏജന്റുമാർ. ഹോളി ഫാമിലി, അപ്പോളോ, എസ്കോര്ട്സ്, അൽ-ഷിഫ തുടങ്ങിയ ഹോസ്പിറ്റലുകളിൽ ജോലി ചെയുന്ന മലയാളി നഴ്സുമാർ ബഹുഭൂരിപക്ഷവും താമസിച്ചിരുന്നത് സരായ് ജുലെനയിലാണ്. തമ്പി ചേട്ടന്റെ കേരള ഹോട്ടലിലെ ചെമ്പാവരി പുട്ടും കടല കറിയുമായിരുന്നു പ്രിയപ്പെട്ട പ്രാതൽ. മലബാർ ഹോട്ടലിലെ ബിരിയാണിയും, പൊറോട്ടയും സമ്പന്നമാക്കിയ അവധി ദിനങ്ങൾ.
മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഫഹ്മി റഹ്മാനിയെ പരിചയപ്പെട്ടത് ഒരു ഇന്റർനെറ്റ് കഫെയിൽ വച്ചാണ്. ജാമിയയിൽ നിന്നും PhD എന്ന സ്വപ്നവുമായി ഡൽഹിയിലെത്തിയ അദ്ദേഹം അപ്പോൾ ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മില്ലി ഗസറ്റിന്റെ' പത്രാധിപരായിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ ഫാസിലിനെ പരിചയപ്പെട്ടത് ഗലിയിലെ പഴക്കടയിൽ വച്ചാണ്. അന്നദ്ദേഹം സ്റ്റേറ്റ്സ്മാനിൽ ജോലി ചെയ്യുകയായിരുന്നു. ഫഹ്മി വഴി കണ്ടെന്റ് റൈറ്റർ വാഹിദിനെയും, അലിഗഢ് സർവകലാശാലയിൽ ഫാസിലിന്റെ സഹപാഠിയായിരുന്ന സ്വാലിഹിനെയും (പിൽക്കാലത്ത് ഇന്ത്യ ടുഡേ മലയാളത്തിൽ സീനിയർ സബ് എഡിറ്ററായി), ജാമിയയിൽ ഗവേഷക വിദ്യാർത്ഥികളായ അനീസ്, സമീർ ബാബു, മാക്സ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ഹാരിസ് ബാബു തുടങ്ങിയവരെയും പരിചയപെട്ടു. സമീറാണ് സത്യപ്രകാശ് ശർമയുടെ കെട്ടിടത്തിൽ രാമു ഭായിക്ക് 300 രൂപ കൊടുത്ത് എനിക്ക് താമസിക്കാനുള്ള റൂം ശരിയാക്കിയത്. വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമയും പിഎച്ച്ഡിയുമൊക്കെയുള്ള സമീർ ഇപ്പോൾ പഴയ തട്ടകമായ ജാമിയയിൽ അസ്സോസിയേറ്റ് പ്രൊഫെസ്സറാണ്.
അങ്ങനെയിരിക്കെ ആത്മാർത്ഥ സുഹൃത്ത് ആർഷക്ക് ഡൽഹിയിൽ നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററിൽ സയന്റിഫിക് ഓഫീസർ ആയി ജോലി കിട്ടി. ഏതാണ്ടതേ സമയത്താണ് രമേശ് നോകിയയിലെ ജോലി രാജിവെച്ചു നാട്ടിലേക്കു മടങ്ങിയത്. ലാജ്പത് നഗറിലായിരുന്നു ആർഷ താമസിച്ചിരുന്നത്. അവധി ദിനങ്ങളിൽ ഞങ്ങളൊന്നിച്ചു ഉഡുപ്പി റസ്റ്ററന്റിൽ നിന്നും മസാല ദോശയൊക്കെ കഴിച്ചു സെൻട്രൽ മാർക്കറ്റിൽ പോയി വരും. 2011 ൽ ഡൽഹിയിലെ ജോലി വിട്ടു ചിക്കാഗോയിലേക്കു പോകും വരെ കാശ് കടം തന്നു സഹായിച്ചത് അവളാണ്. ഇന്ന് അറിയപ്പെടുന്ന പ്രവാസി മലയാളിയാണ് കക്ഷി.
ഓഫീസിൽ ആശയവിനിമയം ഒരു പ്രശ്നമായിരുന്നു. 90 ശതമാനം പേർക്കും ഹിന്ദിയെ അറിയൂ. ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ ഹിന്ദിയിൽ മറുപടി പറയുന്ന മറ്റൊരു കൂട്ടർ. പ്രീഡിഗ്രി വരെ ഹിന്ദി സെക്കന്റ് ലാംഗ്വേജ് പഠിച്ചതും ആമിർ ഖാന്റെ സിനിമകൾ കണ്ടതുമാണ് ഹിന്ദിയുമായുള്ള ആകെ ബന്ധം. പിന്നെ ന്യൂസ്‌റൂമിലെ മലയാളികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. അങ്ങനെ അനിൽ തോമസിനെയും ശാലിനി നായരെയും കണ്ടെത്തി. പക്ഷെ മലയാളം സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന പാതി മലയാളികളായിരുന്നു രണ്ടു പേരും. ഇതിനിടെ ഡെസ്കിൽ സഹപ്രവർത്തകരായിരുന്ന ആമിർ റിസ്‌വി, നാരായൺ സിംഗ്, അശോക് മാർത്തോളിയ എന്നിവരുമായി സൗഹൃദം സ്ഥാപിച്ചു. ഡയറക്ടർമാരായ മധു നാഗ് സർ, സെന്തിൽ രാജൻ സർ, അനിന്ദ്യ സർ, ഡെപ്യൂട്ടി ഡയറക്ടർ കെ ജി ശർമ്മ സർ, ന്യൂസ് എഡിറ്റർ പ്രകാശ് പന്ത് സർ, ബുള്ളറ്റിൻ എഡിറ്റർമാരായ സാഗ്നിക് ചക്രബർത്തി, സുനൈന മാഡം, വിനീത മാഡം, ന്യൂസ് റീഡർ സ്വാതി ബക്ഷി എന്നിവർ ഒരു തുടക്കക്കാരന് വേണ്ട എല്ലാ പിന്തുണയും നൽകി. കോപ്പി എഡിറ്റിംഗിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് കെ ജി ശർമ്മ സാറിൽ നിന്നാണ്. സീനിയർ ന്യൂസ്‌റീഡർ ആയ മാർക്ക് ലിൻ സർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിൽ വളരെ അധികം സഹായിച്ചിട്ടുണ്ട്.
ഇതിനിടെ ഉത്തരേന്ത്യക്കാരെ പോലെ ഹിന്ദി സംസാരിക്കണമെന്ന വാശിയായി. ബിഹാറിൽ നിന്നുള്ള റിപ്പോർട്ടർമാരായ കുമാർ അലോക്, ഒ പി ദാസ്, ഋഷി കുമാർ തുടങ്ങിയവരുമായി സൗഹൃദം സ്‌ഥാപിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടി ചാർട്ടിൽ വന്ന മാറ്റം കണ്ടു ഞാൻ ഞെട്ടി. രാവിലെ 4 മണി മുതൽ ഉച്ചക്ക് 12 വരെ. എല്ലാ മാസവും ഒരാഴ്ച ഇതേ ഷിഫ്റ്റ് ആണെന്ന് വൈകാതെ മനസിലായി. ആഴ്ചയിൽ രണ്ടു ദിവസം അവധിയുള്ളതാണ് ആകെയുള്ള ആശ്വാസം. മുഗൾ വാസ്തുവിദ്യയുടെ നേർക്കാഴ്ചയായ ചെങ്കോട്ടയും, ഹുമയൂൺ ശവകുടീരവും ഒക്കെ കണ്ടത് അങ്ങനെയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് തേടി ഐ എൻ എ മാര്കെറ്റിലേക്കുള്ള അവധി ദിനങ്ങളിലെ യാത്രകൾ. ഇടക്ക് ഒരു അവധി ദിനം അനീസിന്റെയും ഫഹ്മിയുടെയും ക്ഷണം സ്വീകരിച്ചു അവരുടെ റൂമിൽ ബിരിയാണി കഴിക്കാൻ പോയി. ഹാരിസ് ബാബു ആയിരുന്നു പാചകം. അവിടെ വച്ചാണ് മാധ്യമം റിപ്പോർട്ടർ ഹസനുൽ ബന്നയെ പരിചയപ്പെടുന്നത്. താമസിയാതെ ഫഹ്മിയുടെ റൂം ഒരു ഇടത്താവളമായി മാറി.
ഇതിനിടെ നാട്ടിൽ പോയ ഫഹ്മി മാതൃഭൂമി ദിനപത്രത്തിലേക്കുള്ള ട്രെയിനീ ജേർണലിസ്റ്റ് പരീക്ഷ എഴുതിയിരുന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് നിയമന ഉത്തരവ് ലഭിക്കുകയും ഡൽഹി ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. സ്റ്റേറ്റ്സ്മാനിൽ ജേര്ണലിസ്റ്റായ ഫാസിലിനെ ഇടക്കൊക്കെ കാണാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ സഹമുറിയന്മാരായ റഹീസിനെയും സെയ്താലിയെയും പരിചയപെട്ടു. ഫാസിലിന്റെ റൂം ഒരു മിനി കേരള ഹൗസ് ആണെന്ന് താമസിയാതെ മനസിലായി. ജാമിയ സർവകലാശാലയിൽ അഡ്മിഷൻ തേടി വരുന്നവർക്കൊക്കെ ഒരു അഭയ സ്ഥാനം. മില്ലി ഗസറ്റിൽ ജോലി ചെയ്തിരുന്ന റിയാസിനെയും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ ഉദ്യോഗസ്ഥൻ), ജേർണലിസം വിദ്യാർത്ഥിയായ മുഹ്‌സിനെയും (ഇപ്പോൾ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്റർ) അവിടെ വച്ചാണ് പരിചയപ്പെട്ടത്.
ജീവിതത്തിലാദ്യമായി ശൈത്യകാലത്തെ അഭിമുഖീകരിക്കുന്നത് ഡൽഹിയിൽ വച്ചാണ്. കനത്ത മൂടൽ മഞ്ഞിൽ ദൂരക്കാഴ്ച കുറയുന്ന അവസ്ഥ. താപനില രണ്ടു ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോളും രാവിലെ 4 മണിക്കുള്ള ഷിഫ്റ്റ് പതിവുപോലെ തുടർന്നു. സ്വെറ്ററും, ജാക്കെറ്റും, മഫ്‌ലറുമൊക്കെ ഡ്രസ്സ് കോഡിന്റെ ഭാഗമായി. ഇതിനിടെ ആരോഗ്യസ്ഥിതി മോശമായി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സ തേടേണ്ടി വന്നു.
2010 ൽ ഡെൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് കവർ ചെയ്‌ത സ്പോർട്സ് ഡെസ്കിൽ ഇടംപിടിച്ചതിനാൽ ലോകത്തെ മൂന്നാമത്തെ വല്യ കായിക മാമാങ്കം അടുത്ത് കാണാനുള്ള ഭാഗ്യമുണ്ടായി. ആ സമയത്താണ് ഡെപ്യൂട്ടി ഡയറക്ടർ ആയി ശങ്കരനാരായണൻ സർ ന്യൂസ് റൂമിൽ എത്തുന്നത്. മാതൃഭാഷയിൽ സംസാരിക്കാൻ ഒരാളായല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്. സ്ഥലംമാറ്റം കിട്ടിയെത്തിയ ദേവൻ സാറും, അസിസ്റ്റന്റ് ഡയറക്ടർ ആയി ജോയിൻ ചെയ്ത വിനോദ് കുമാർ സാറും (ഇപ്പോൾ ഗോവ പ്രസ് ഇൻഫർമേഷൻ ബ്യുറോയിൽ
ജോയിന്റ് ഡയറക്ടർ) വല്യ പിന്തുണയാണ് നൽകിയത്.
ജാമിയ സർവകലാശാല സാക്ഷ്യം വഹിച്ച രണ്ടു നിക്കാഹുകൾ പറയാതെ പോയാൽ അനൗചിത്യമാകും. ആദ്യ ജോഡി അനീസും റാബിയയും, രണ്ടാമത്തേത് ലിംസീറും നൗഷാബായും. ജാമിയയിലെ ബുദ്ധിജീവികളായ അനസ്, അനീഷ് (ആർ എസ് പി), അഞ്ജു, ശിവ തുടങ്ങിയവരെ പരിചയപ്പെടാനും അവരുടെ ക്ഷണം സ്വീകരിച്ചു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനും കഴിഞ്ഞു. അനസും അനീഷും ഞാൻ താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു താമസം. നാലാം നിലയിലെ താമസക്കാരായ ജാമിയയിലെ വിദ്യാർത്ഥികൾ ഹസൻ ഷെരീഫും ഷഫീക്ക് പുല്ലൂരുമാണ് ഒരിക്കൽ കടുത്ത പനിപിടിച്ചു കിടപ്പിലായപ്പോൾ സഹായത്തിനെത്തിയത്. ഇതിനിടെ കൊച്ചിയിൽ ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ ജോലി കിട്ടിയ ഫാസിൽ ഡൽഹി വിട്ടു.
നാട്ടിൽ ലീവിന് പോകുമ്പോഴൊക്കെ കേരളത്തിൽ എന്തെങ്കിലും ജോലി സാധ്യതയുണ്ടോ എന്നന്വേഷിക്കുമായിരുന്നു. റിപ്പോർട്ടർ ടീവിയും, മീഡിയ വൺ, മാതൃഭൂമി ന്യൂസ് ചാനലുകളും വന്നപ്പോൾ സന്തോഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. 2014 അവസാനത്തോടെ ദൂരദർശൻ ന്യൂസ് വിട്ടു നാട്ടിലേക്കു മടങ്ങി. മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്റർ ആയി ജോയിൻ ചെയ്‌തെങ്കിലും ഇംഗ്ലീഷ് മീഡിയയിലെ 6 വർഷത്തെ പ്രവർത്തനപരിചയത്തിനു യാതൊരു വിലയും കൽപ്പിക്കാതെ ട്രെയിനി പരീക്ഷ എഴുതണമെന്ന നിബന്ധന അംഗീകരിക്കാൻ കഴിയാതെ പടിയിറങ്ങി. പിന്നീട് ദുബായിൽ ജോലി അന്വേഷിച്ചു പോയെങ്കിലും ഫലമുണ്ടായില്ല. നാട്ടിൽ തിരിച്ചെത്തി ന്യു ഇന്ത്യൻ എക്സ്പ്രെസ്സിൽ സീനിയർ സബ് എഡിറ്റർ ആയും ദുബായിലെ രണ്ടു കമ്പനികളിൽ ഓൺലൈൻ കണ്ടെന്റ് റൈറ്റർ ആയും 2017 വരെ ജോലി ചെയ്‌തു.
ഡൽഹി എന്ന മഹാനഗരം അപ്പോഴും എന്നെ മാടിവിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് മീഡിയ മോണിറ്ററിങ് സെന്ററിൽ കണ്ടെന്റ് ഓഡിറ്ററായി 2017 ഡിസംബറിൽ വീണ്ടും ഡൽഹിയിലേക്ക്. ദൂരദർശൻ ന്യൂസിൽ ഡയറക്ടർ ആയിരുന്ന സതീഷ് നമ്പൂതിരിപ്പാട് സാറായിരുന്നു പുതിയ ഓഫീസിലെ അഡിഷണൽ ഡയറക്ടർ ജനറൽ. പദവിയുടെ നാട്യങ്ങളില്ലാത്ത ഒരു
തികഞ്ഞ മനുഷ്യസ്നേഹി. താമസം ചിരപരിചിതമായ സരായ് ജുലെനയിൽ. 6 വര്ഷം താമസിച്ച കെട്ടിടത്തിൽ തന്നെ റൂം കിട്ടി. വീണ്ടും മലബാർ ഹോട്ടലിൽ സ്ഥിരം കസ്റ്റമറായി. ജുലെനയിലെ ഗലിയിൽ പരിചിത മുഖങ്ങൾ കുറവായിരുന്നു. ജാമിയയിലെ സുഹൃത്തുക്കളിൽ നല്ലൊരു ശതമാനം പേരും പഠനം പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയിരുന്നു. അപ്പോഴും ഡൽഹിയിൽ തുടർന്ന ജയരാജിനെയും ഷിറാസ് പൂവച്ചലിനെയും മലബാർ ഹോട്ടലിൽ വച്ച് കണ്ടു. കേരള ഹോട്ടലും തമ്പി ചേട്ടനും അപ്രത്യക്ഷമായി പകരം ആനീസ് കേരള കിച്ചൻ വന്നു. പല മലയാളി കച്ചവടക്കാരും നഴ്‌സുമാരായ ഭാര്യമാരോടൊപ്പം കാനഡ, ബ്രിട്ടൺ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി. ജോബി ചേട്ടന്റെ സ്റ്റേഷനറി കടക്കു മാത്രം ഒരു മാറ്റവുമില്ല.
ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപവും കോവിഡ് മഹാമാരിയും ജീവിതം ദുസ്സഹമാക്കി. ലോക്കഡൗണിൽ ഡൽഹിയിൽ കുടുങ്ങിയതും ബ്രെഡും പഴവും കഴിച്ചു കഴിഞ്ഞതുമൊക്കെ ഭയപ്പെടുത്തുന്ന ഓർമകളാണ്. ഡ്യൂട്ടി ചാർട്ടിൽ വർക്ക് ഫ്രം ഹോം ഇടം പിടിച്ചപ്പോൾ നാട്ടിലേക്കു രക്ഷപെട്ടു. കോവിഡ് നിയന്ത്രണവിധേയമായപ്പോൾ തിരിച്ചു ഡൽഹിയിലെത്തിയെങ്കിലും ഒന്നും പഴയതുപോലെ ആകില്ലെന്ന തിരിച്ചറിവ് നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. ഒരു ദശാബ്ദം നീണ്ട ഡൽഹി ജീവിതത്തിനു വിരാമമിട്ടു 2022 ഫെബ്രുവരിയിൽ നാട്ടിലെത്തി. 10 വർഷത്തെ പ്രവർത്തന പരിചയം ഉള്ളത് കൊണ്ട് നാട്ടിൽ ജോലി കിട്ടാൻ പ്രയാസമില്ല എന്നാണ് കരുതിയത്. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ ഇന്റർവ്യൂവിനു പോയപ്പോൾ ചോദിച്ചത് മലയാളം അറിയാമോ എന്നാണ്. മറ്റൊരു പ്രമുഖ മലയാളം വാർത്താ ചാനൽ പറഞ്ഞത് ഇംഗ്ലീഷ് മീഡിയ എക്സ്പീരിയൻസ് അവർ പരിഗണിക്കാറില്ല എന്നാണ്. ഒരാൾ അന്യസംസ്ഥാനത്തൊഴിലാളിയായി ജോലി ചെയ്തു എന്നതുകൊണ്ട് അയാൾ മലയാളി അല്ലാതാവില്ലല്ലോ.
ഡൽഹിയിലെ സംഭവബഹുലമായ ദശാബ്ദത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നേട്ടങ്ങളും നഷ്ടങ്ങളുമുണ്ട്. നേട്ടങ്ങളുടെ പട്ടികയിൽ ആദ്യം വരിക ഫഹ്മി, ഫാസിൽ എന്നീ സുഹൃത്തുക്കളെ ലഭിച്ചതും ഉത്തരേന്ത്യക്കാരെപോലെ ഹിന്ദി സംസാരിക്കാൻ പഠിച്ചതുമാണ്. നഷ്ടങ്ങളുടെ പട്ടികയിൽ ഒ ആർ രാമചന്ദ്രൻ സാറിനെ പോലെ അറിയപ്പെടുന്ന സ്പോർട്സ് ജേർണലിസ്റ്റ് ആകാൻ കഴിഞ്ഞില്ല എന്നതും.
No comments:
Post a Comment