കാടും നാടും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന അപകടകരമായ തലത്തിലേക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വളർന്നിരിക്കുന്നു. കേരളത്തിലെ മലയോര മേഖലയിൽ വന്യജീവി ആക്രമണങ്ങൾ സർവ്വസാധാരണമായിട്ട് കാലമേറെയായി. എന്നാൽ വയനാട്ടിലെ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം ആശങ്കയുളവാക്കുന്നു. വന്യജീവി ആക്രമണത്തിൽ ആരും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
കാട്ടാന, കടുവ, കാട്ടുപോത്ത്, കരടി അടക്കമുള്ളവയെല്ലാം നാട്ടിലേക്ക് എത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. കേരളത്തിൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവുമധികം വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ വിടാൻ കേരള സർക്കാർ ചിലവഴിച്ചത് 80 ലക്ഷത്തോളം രൂപയാണ്. അരി ഇഷ്ടഭക്ഷണമാക്കിയ അരിക്കൊമ്പന്റെ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി വീടുകളും, റേഷൻ കടകളും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ദുഷ്ക്കരമായ ദൗത്യമായിരുന്നു 'മിഷൻ അരിക്കൊമ്പൻ'. വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടിട്ട് അധികനാളായിട്ടില്ല.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷ കേസുകളിൽ 20 ശതമാനം വർധനവുണ്ടായതായി വനം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഇത്തരം സംഘർഷങ്ങൾ നേരിടുന്ന ആയിരത്തിലധികം പ്രദേശങ്ങൾ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓരോ വർഷവും ആനയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 2018 നും 2022 നും ഇടയിൽ കാട്ടാന ആക്രമണത്തിൽ മാത്രം 105 പേർ കൊല്ലപ്പെട്ടു. വനംവകുപ്പിന്റെ രേഖകൾ പ്രകാരം കഴിഞ്ഞ 15 വർഷത്തിനിടെ 1500-ഓളം ആളുകൾക്ക് മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. കോടിക്കണക്കിനു രൂപയുടെ കൃഷി നാശത്തിനു പുറമെ നൂറുകണക്കിന് വളർത്തുമൃഗങ്ങളും വന്യജീവികളുടെ ആക്രമണത്തിനിരയായി. വനാതിർത്തികളിൽ താമസിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത് ആനകളും കുരങ്ങുകളും കാട്ടുപന്നികളുമാണ്.
കേരളത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 30% വനമാണ്. ശരാശരി 70 കിലോമീറ്റർ വീതിയും 3.46 കോടിയിലധികം ജനസംഖ്യയുമുള്ള താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ, സംരക്ഷിത വനമേഖലകൾക്ക് സമീപമാണ് ജനസാന്ദ്രതയുള്ള നിരവധി ജനവാസ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ, ധാരാളം കൃഷിതോട്ടങ്ങളും വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപമാണ്. അടിക്കടിയുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെത്തുടർന്നു വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ജീവഹാനിക്കും വിളനാശത്തിനും ഉചിതമായ നഷ്ടപരിഹാരം നൽകാൻ സംവിധാനമില്ലാത്തതും കർഷകരെ കൃഷിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
വന്യജീവികളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപം കൃഷി ചെയ്യുന്നതും, ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതും, വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട സമയങ്ങളിൽ കന്നുകാലികളുടെയും മനുഷ്യരുടെയും സഞ്ചാരവുമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍തോതിലുള്ള വനനാശവും കുടിയേറ്റവും സൃഷ്ടിച്ച ആവാസവ്യവസ്ഥകളുടെ ശോഷണം, പ്രത്യേകിച്ച് ഭക്ഷണ ദൗർലഭ്യവും, ജലസ്രോതസ്സുകളുടെ അപരാപ്ത്യതയും മൂലം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള വന്യജീവികളുടെ പ്രയാണം മറ്റൊരു കാരണമായി പറയുന്നു. നേച്ചർ ക്ലൈമറ്റ് ചേഞ്ച് മാസിക അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം വന്യമൃഗങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥകൾക്കും ഭീഷണിയുയർത്തി മനുഷ്യ-വന്യജീവി സംഘർഷത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
മനുഷ്യർക്കും വന്യമൃഗങ്ങൾക്കും നിലനില്പിനാവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാനം. വനപ്രദേശങ്ങളും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളും സംരക്ഷിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ജനവാസ മേഖലയ്ക്ക് ചുറ്റും കാട്ടിനുള്ളിൽ 2-3 കിലോമീറ്റർ ബഫർ സോൺ സൃഷ്ടിക്കുന്നത്. അതുപോലെ വനാതിർത്തിയിൽ സൗരോർജവേലികളും കിടങ്ങുകളും പണിയുന്നത് വഴി കർഷകരെയും കൃഷിയിടങ്ങളെയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കാം.
കാടിറങ്ങുന്ന വന്യമൃഗങ്ങൾ എല്ലാക്കാലത്തും മനുഷ്യന് വെല്ലുവിളിയാണ്. മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. സർക്കാർ ഉണർന്നു പ്രവർത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.