മറവിയുടെ മാറാല തട്ടാത്ത ഓർമ്മചിത്രങ്ങളിൽ ഇപ്പോഴും കൊല്ലം-ചെങ്കോട്ട റൂട്ടിൽ കൂകിപ്പായുന്ന മീറ്റർ ഗേജ് തീവണ്ടിയുണ്ട്. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂരിലേക്കുള്ള യാത്രകൾ റെയിൽപാത പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്നു. ആ യാത്രകളെക്കുറിച്ചു പറയും മുൻപ് പുനലൂർ പോളിടെക്‌നിക്കിനെ കുറിച്ചു പറയണം. കൊട്ടിയം എസ്. എൻ പോളിടെക്‌നിക്കിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഇലക്ട്രോണിക്സ് ആയിരുന്നു ആദ്യ ഓപ്ഷൻ. കൊട്ടിയം പോളിയിൽ സീറ്റ് കുറവായത് കൊണ്ടും ബുദ്ധിജീവികൾ ആദ്യം തന്നെ അഡ്മിഷൻ എടുത്തത് കൊണ്ടും പുനലൂർ ഗവണ്മെന്റ് പോളിയിലാണ് അഡ്മിഷൻ തരപ്പെട്ടത്.
പുനലൂർ പോളിടെക്‌നിക് ആരംഭിച്ചിട്ട് അധികനാളായിട്ടില്ലായിരുന്നു. സ്വന്തം കെട്ടിടം ആയിട്ടില്ലാത്തതിനാൽ ചെമ്മന്തൂർ സ്കൂളിലായിരുന്നു ക്ലാസുകൾ. പുതിയ ബാച്ചിനെ വരവേൽക്കാൻ എസ്‌എഫ്ഐ, എബിവിപി സംഘടനകൾ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സീനിയർസും കോളേജിലെ പ്രധാന നേതാക്കളുമായ സന്ദീപ്, ഷമീർ, രഞ്ജിത്, പ്രദീപ് തുടങ്ങിയവരെ പരിചയപെട്ടു. ആദ്യത്തെ രണ്ടാഴ്‌ച്ച ഞാൻ അഞ്ചലുള്ള വല്യച്ഛന്റെ മകളുടെ വീട്ടിൽ നിന്നായിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് കുറച്ചുകൂടി അടുത്ത കുന്നിക്കോടേക്ക് താമസം മാറി. കുന്നിക്കോട്-പുനലൂർ റൂട്ടിൽ കെഎസ്‌ആർടിസി കൺസെഷൻ തരപ്പെടുത്തി. രാവിലെ കുന്നിക്കോട് നിന്ന് ചെമ്മന്തൂര് ഇറങ്ങും. ഇതിനിടെ ക്ലാസുകൾ നെല്ലിപ്പള്ളിയിലേക്കും വട്ടപ്പടയിലേക്കും മാറി. ചെമ്മന്തൂർ ഇറങ്ങി കോളേജ് ബസിൽ കയറും. ബസ് പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി (പ്രിൻസിപ്പൽ സലിം കുമാർ സാറും കൊല്ലത്തു നിന്നും ട്രെയിനിൽ പുനലൂർ എത്തുന്ന വിദ്യാർഥികളും അവിടെ നിന്ന് കയറും) നെല്ലിപ്പള്ളിയിലേക്കും അവിടെ നിന്ന് വട്ടപ്പടയിലേക്കും. അഞ്ചലുള്ള അനു, ഗായത്രി, അഗസ്ത്യക്കോടുള്ള അനുജ, കരിക്കോടുള്ള ശ്രീകുമാർ, ബിനോയ്, നിഷ, രശ്മി, ശ്രീജ, സിന്ധു, രാജി, സുനീഷ് ഷിബു, ദിലീപ്, മനോജ്, അനീഷ്, സ്മിതലാൽ, സ്മിത, ജ്യോത്സ്ന, സരസ്വതി, ഷിജി കൃഷ്ണകുമാർ (അടുത്തിടെ ജീവിതം അവസാനിപ്പിച്ചു) അങ്ങനെ സഹപാഠികളെ ഓരോരുത്തരെയായി പരിചയപെട്ടു.
മറ്റു ബ്രാഞ്ചുകളായ സി.റ്റി, സി.എ.ബി.എം ഇവിടങ്ങളിലുള്ളവരുമായും സൗഹൃദം സ്ഥാപിച്ചു. റാഫി, കിഷോർ, വിജീഷ്, ബ്ലെസി, പ്രിൻസി, അനില, വിനീത, സോണി, ശശികല പിന്നെ ജൂനിയേഴ്‌സായ റിനു രാജ് , റജി, ഷാനിമ, ഷെഫിന്, ബെൻസി. ഷംനാദ് സാർ, അഞ്ജന ടീച്ചർ, നസീമ ടീച്ചർ,സിദ്ധാർഥൻ സാർ, മത്തായി സാർ, അശോകൻ സാർ, സുരേഷ് സാർ ഇവരൊക്കെ ആയിരുന്നു പ്രധാന അധ്യാപകർ.
ചില ദിവസങ്ങളിൽ നെല്ലിപ്പള്ളിയിലാകും ക്ലാസ്. മറ്റുചിലപ്പോൾ വട്ടപ്പടയിലും. അങ്ങനെയിരിക്കെ ഇലക്ട്രോണിക്സിൽ ഷിബു, ദിലീപ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കെഎസ് യു രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതായി മനസിലായി. താമസിയാതെ ഷിബുവിന്റെ നേതൃത്വത്തിൽ കെ എസ് യു യൂണിറ്റ് രൂപം കൊണ്ടു. കോളേജിലെ എസ്എഫ്ഐ ക്കാർ ഷിബുവിനെ കയ്യേറ്റം ചെയ്യുകയും കാര്യങ്ങൾ സംഘർഷാവസ്ഥയിലേക് പോകുകയും ചെയ്‌തു. ആദ്യവർഷം കാര്യമായി രാഷ്ട്രീയപ്രവർത്തനം ഇല്ലായിരുന്നെങ്കിലും കെ എസ് യു വിന്റെ ശക്‌തികേന്ദ്രമായ ഇലക്ട്രോണിക്സിൽ ഒരു എസ്എഫ്ഐ ക്കാരനായിത്തന്നെ നിൽക്കുന്നതാണ് നല്ലതെന്നു എനിക്ക് മനസിലായി. ഇതിനിടെ ഞാൻ കുന്നിക്കോടുന്നു പുനലൂരേക്ക് താമസം മാറി. നെല്ലിപ്പള്ളിൽ നിന്നും ക്ലാസ്സുകൾ വട്ടപ്പടയിലേക് മാറി. അപ്പോഴേക്കും മിക്കവരും കോളേജ് ബസ് ഉപേക്ഷിച്ചിരുന്നു. വട്ടപ്പടയിലേക്ക് രാവിലെ ജീപ്പ് വിളിച്ചാണ് പോയിരുന്നത്. മിനിമം ഇരുപത് പേരെങ്കിലും കയറണം.അൻപത് രൂപ എല്ലാവരും കൂടിയാണ് കൊടുക്കുക. ആ വർഷത്തെ സംസ്ഥാന പോളി യൂണിയൻ ഉത്‌ഘാടനം പുനലൂർ വച്ചായിരുന്നു. സംസ്ഥാന പോളി യൂണിയൻ ചെയർമാൻ പുനലൂർ പോളിയിലെ ഷമീർ ആയത് കൊണ്ടാണ് അങ്ങനൊരു അവസരം കിട്ടിയത്. യശ്ശശരീരനായ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ സംഗീത പരിപാടി ആയിരുന്നു പ്രധാന ആകർഷണം. ആദ്യ വർഷത്തിന്റെ അവസാനം കന്യാകുമാരിയിലേക്ക് ഒരു വിനോദ യാത്ര പോയി. രണ്ടാം വര്ഷം ആയപ്പോഴേക്കും കോളേജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളുടെയും നേതാക്കൾ ഇലക്രോണിക്‌സിലായി. ക്ലാസ്സിൽ വല്ലപ്പോഴും കയറിയിരുന്ന എനിക്ക് ഇലക്ട്രോണിക്സ് ലാബ് ഒരു ബാലികേറാമലയായിരുന്നു. സിന്ധുവും ശ്രീജയുമായിരുന്നു മിക്കപ്പോഴും എന്നെ രക്ഷപെടുത്തിയിരുന്നത്.
എല്ലാ ക്യാമ്പസിലെയും പോലെ ഇവിടെയും കമിതാക്കൾക്ക് ഒട്ടും കുറവില്ലായിരുന്നു. ഷിജുവും ഷാനിയയും പോളിയിലെ പ്രണയം പിൽക്കാലത്ത് വിവാഹത്തിൽ എത്തിച്ചു. തായ്‌ലക്ഷ്മി, രാംരാജ്, അഞ്ചൽ വർഷ ഇതായിരുന്നു സ്ഥലത്തെ പ്രധാന തീയറ്ററുകൾ. കല്യാണരാമൻ, മീശമാധവൻ, രാക്ഷസരാജാവ്, തിളക്കം അങ്ങനെ എത്രയോ സിനിമകൾ. വട്ടപ്പട കല്ലടയാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലമായിരുന്നു. നീർച്ചോലകളും റബ്ബർതോട്ടങ്ങളും ഉള്ള ഒരു പച്ചത്തുരുത്തു. സമരമുള്ള ദിവസങ്ങളിൽ പുനലൂർ നിന്നും കുറ്റാലത്തേക്കോ പാലരുവിയിലേക്കോ കണ്ണറ പാലത്തിലൂടെ മീറ്റർ ഗേജ് തീവണ്ടിയിലുള്ള യാത്ര മറക്കാൻ കഴിയില്ല. കോളേജിലെ സംഭവങ്ങളെ ആസ്പദമാക്കി എത്രയോ കഥകളും കവിതകളും എഴുതി. 'വട്ടപ്പട വിശേഷങ്ങൾ' കോളേജ് ഒന്നടങ്കം ഏറ്റെടുത്ത പംക്തി ആയിരുന്നു.
രണ്ടാം വർഷത്തിന്റെ പകുതിയോടെ ഞാൻ വീട്ടിൽ നിന്നും ട്രെയ്‌നിലാക്കി കോളേജിലേക്കുള്ള യാത്ര. ചാത്തന്നൂർ നിന്നും രാവിലെ പാർവതി ബസിൽ കുണ്ടറ ഇറങ്ങും. അവിടെ നിന്നും ദിലീപ്, മനോജ്, രാജി, സി.ടി യിലെ ചിഞ്ചു, അനുജ, രജനി തുടങ്ങിയവരോടൊപ്പം മീറ്റർ ഗേജ് ട്രെയിനിൽ പുനലൂരേക്ക്. ഇടയ്ക് ഷിബുവും അനിലും ട്രെയിനിൽ വരാറുണ്ട്. നാടൻ പാട്ടുമായി രംഗം കൊഴുക്കും. കൊല്ലത്തു നിന്നും റാഫി, നിയാസ്, സ്മിജിത് തുടങ്ങി ഒരു വൻ സംഘം തന്നെ ട്രെയിനിൽ ഉണ്ടാകും.
രണ്ടാം വര്ഷം ക്ലാസുകൾ അവസാനികുന്നതിനു മുൻപ് നടന്ന എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിൽ ഞാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.ഏതാണ്ട് അതെ സമയം തന്നെ ഷിബു കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. മൂന്നാം വര്ഷം ഇലക്ട്രോണിക്സിൽ രാഷ്ട്രീയമായ ചേരിതിരിവ് പ്രകടമായി തുടങ്ങി. അക്കൊല്ലം നടന്ന പോളി യൂനിയൻ തിരഞ്ഞെടുപ്പിൽ ഒട്ടുമിക്ക സ്ഥാനാർത്ഥികളും ഇലക്ട്രോണിക്സിൽ നിന്നായിരുന്നു. ഷിബു കെ എസ് യു ചെയര്മാന് സ്ഥാനാർത്ഥി, അനിൽ എബിവിപി ചെയര്മാന് സ്ഥാനാർത്ഥി, അഷ്‌റഫ് എബിവിപി വൈസ് ചെയര്മാന് സ്ഥാനാർത്ഥി. ദിലീപ് കെ എസ് യു ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഞാൻ കൗൺസിലർ പോസ്റ്റിലേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥിയായി. സി.ടി യിലെ അജേഷ് ആയിരുന്നു എന്റെ എതിരാളി. വാശിയേറിയ പോരാട്ടത്തിൽ അൻപത് വോട്ടിനു ഞാൻ ജയിച്ചു (സ്വന്തം ക്ലാസ്സായ ഇലക്ട്രോണിക്സിൽ നിന്നും പതിനേഴ് വോട്ട് മാത്രം കിട്ടിയിട്ടും). എനിക്ക് പുറമെ ഷിബുവും ദിലീപും ജയിച്ചു. അക്കൊല്ലം സംസ്ഥാന പോളി കലോത്സവം തിരൂരായിരുന്നു നടന്നത്. പുനലൂരിൽ നിന്നും ആർട്സ് ക്ലബ് സെക്രട്ടറി ദിലീപിനോടും മത്സരാർത്ഥികളോടുമൊപ്പം തിരൂരിലെത്തി. നാലു ദിവസത്തെ കലോത്സവത്തിനിടെ തിരൂർ ഖയാം തീയറ്ററിൽ പോയി ബിപാഷ ബസുവിന്റെ 'ജിസം' സിനിമ കണ്ടു. മൂന്നാം വർഷം പോളിയിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായെങ്കിലും എല്ലാം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു. ഒൻപത് ദിവസത്തെ ഒരു സ്റ്റഡി ടൂറോടെയാണ് പോളി ജീവിതത്തിനു തിരശീല വീണത്.
കൗമാരത്തിന്റെ അവസാന പകുതിയേ ഒരു ഉത്സവമാക്കിയ തൂക്കുപാലത്തിന്റെ നാട്. കടുകുമണിയോളം ചെറുതായ ആ ഓർമകളെ കുന്നോളം വലുതാക്കിയ ഫേസ്ബുക്, വാട്സാപ്പ്, മെസ്സഞ്ചർ തുടങ്ങിയ സോഷ്യൽ മീഡിയ രാജാക്കന്മാരോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.